ആറ് വര്‍ഷത്തെ തുടര്‍ച്ച അവസാനിപ്പിക്കാന്‍ റയല്‍, ബെര്‍ണബ്യുവില്‍ വീണ്ടും തീപാറിക്കാന്‍ ബാഴ്‌സ; ആര് ജയിക്കും?

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സ്വന്തം തട്ടകത്തില്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ 2-1ന് തോല്‍വി നേരിട്ടതുള്‍പ്പെടെ തുടരെ മൂന്ന് കളികള്‍ തോറ്റാണ് റയല്‍ എല്‍ ക്ലാസിക്കോക്ക് എത്തുന്നത്
ആറ് വര്‍ഷത്തെ തുടര്‍ച്ച അവസാനിപ്പിക്കാന്‍ റയല്‍, ബെര്‍ണബ്യുവില്‍ വീണ്ടും തീപാറിക്കാന്‍ ബാഴ്‌സ; ആര് ജയിക്കും?

2014ന് ശേഷം എല്‍ ക്ലാസിക്കോയില്‍ സ്വന്തം തട്ടകത്തില്‍ ജയം പിടിക്കാനാവാത്തതിന്റെ നാണക്കേട് റയലിന് മുകളിലുണ്ട്. 2020ലെ ആദ്യ എല്‍ ക്ലാസിക്കോക്ക് മുന്‍പിലെത്തുമ്പോള്‍ ലാ ലീഗയിലെ കിരീട പോരില്‍ ബാഴ്‌സയേക്കാള്‍ രണ്ട് പോയിന്റ് പിന്നിലാണെന്ന സമ്മര്‍ദവും റയലിന് മേലുണ്ട്. എല്‍ ക്ലാസിക്കോയില്‍ ജയിച്ചു കയറാന്‍ റയല്‍ സാധ്യമായതെല്ലാം ചെയ്യുകയും, ബാഴ്‌സ കരുത്ത് കാട്ടാന്‍ ഉറച്ചിറങ്ങുകയും ചെയ്യുമ്പോള്‍ ബെര്‍ണബ്യുവില്‍ ഇന്ന് തീപാറുമെന്ന് വ്യക്തം. 

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സ്വന്തം തട്ടകത്തില്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ 2-1ന് തോല്‍വി നേരിട്ടതുള്‍പ്പെടെ തുടരെ മൂന്ന് കളികള്‍ തോറ്റാണ് റയല്‍ എല്‍ ക്ലാസിക്കോക്ക് എത്തുന്നത്. ബെര്‍ണബ്യുവില്‍ റയല്‍ ഒടുവില്‍ ജയം പിടിച്ചത് ഒരു മാസം മുന്‍പാണ്, അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായിരുന്നു അത്. 

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ നാപോളിക്കെതിരെ 1-1ന് സമനില വഴങ്ങിയ ബാഴ്‌സ തങ്ങളുടെ കഴിഞ്ഞ നാല് കളിയില്‍ തോല്‍വി അറിഞ്ഞിട്ടില്ല. റയലിനെതിരെ ഇറങ്ങിയ കഴിഞ്ഞ ഏഴ് കളിയിലും ബാഴ്‌സ ജയിച്ചു കയറിയിട്ടേയുള്ളു. സുവാരസ്, ഡെംബെലെ, സെര്‍ജി റോബര്‍ടോ എന്നിവരില്ലാതെയാവും ബാഴ്‌സ ഇറങ്ങുക. ലെഫ്റ്റ് ബാക്കായ അല്‍ബ ടീമിലേക്കെത്തി. 

റയലിനെ 72 വട്ടം ബാഴ്‌സ ലാ ലീഗയില്‍ തോല്‍പ്പിച്ചപ്പോള്‍ ബാഴ്‌സക്കെതിരെ റയല്‍ ജയം പിടിച്ചതും 72 തവണ. ഈ വര്‍ഷത്തെ ആദ്യ എല്‍ ക്ലാസിക്കോയിലും റയല്‍ മുട്ടുമടക്കിയാല്‍ ബാഴ്‌സക്കെതിരെ തുടരെ അഞ്ച് വട്ടം തോല്‍വി വഴങ്ങുന്നത് റയലിന്റെ ചരിത്രത്തില്‍ ആദ്യമാവും. ലാലീഗയില്‍ റയലിനെതിരെ തുടരെ നാല് എവെ മത്സരങ്ങള്‍ ജയിക്കുന്ന ആദ്യ ടീമാണ് ബാഴ്‌സ. 

കഴിഞ്ഞ നാല് ലാലീഗ എവേ മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ബാഴ്‌സക്ക് നേടാനായത് എന്നതാണ് അവരെ പിന്നോട്ടു വലിക്കുന്നത്. എന്നാല്‍ ഈ നാല് മത്സരങ്ങളില്‍ വഴങ്ങിയത് 2 ഗോള്‍ മാത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com