'എല്ലാം മെസിയാണ്, അതാണ് ബാഴ്‌സലോണയുടെ പ്രശ്‌നം'- വിമര്‍ശിച്ച് ബ്രസീല്‍ ഇതിഹാസം

കഴിഞ്ഞ ദിവസം സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കി റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ പിന്തള്ളി സ്പാനിഷ് ലാ ലിഗയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരുന്നു
'എല്ലാം മെസിയാണ്, അതാണ് ബാഴ്‌സലോണയുടെ പ്രശ്‌നം'- വിമര്‍ശിച്ച് ബ്രസീല്‍ ഇതിഹാസം

റിയോ ഡി ജനീറോ: കഴിഞ്ഞ ദിവസം സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കി റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ പിന്തള്ളി സ്പാനിഷ് ലാ ലിഗയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരുന്നു. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ പരാജയം സമ്മതിച്ചത്. 

ബാഴ്‌സയുടെ തോല്‍വി വിലയിരുത്തി മുന്‍ ബാഴ്‌സ താരവും ബ്രസീല്‍ ഇതിഹാസവുമായ റിവാള്‍ഡോ രംഗത്തെത്തി. ബാഴ്‌സലോണയുടെ മോശം ഫോമിന്റെ പ്രധാന കാരണം സുവാരസിന്റെ അഭാവമാണെന്ന് റിവാള്‍ഡോ പറയുന്നു. 

'സുവാരസിന്റെ അഭാവം ബാഴ്‌സലോണയെ മെസി എന്ന ഒറ്റ മനുഷ്യനിലേക്ക് ചുരുക്കി. ഇപ്പോള്‍ മെസി മാത്രമാണ് ടീമില്‍ ചുമതലകള്‍ ഏറ്റെടുക്കുന്നത്. സുവാരസ് പരിക്കേറ്റ് പോയത് മുതല്‍ ഗോളടിക്കാന്‍ പോലും കഴിയാതെ കഷ്ടപ്പെടുകയാണ് ബാഴ്‌സലോണ. ബോക്‌സിനു പുറത്ത് നിന്ന് ഒരു ഷോട്ട് എടുക്കാന്‍ വരെ മെസി മാത്രമേ ശ്രമിക്കുന്നുള്ളൂ. ബാക്കി ഒരാള്‍ക്കും യാതൊരു വ്യത്യാസവും മൈതാനത്ത് വരുത്താന്‍ സാധിക്കുന്നില്ല'. 

'സുവാരസ് പോയതോടെ മെസിയെ മാത്രമെ മറ്റു ടീമുകള്‍ക്ക് ഭയക്കേണ്ടതുള്ളൂ. അതുകൊണ്ട് അവര്‍ വൃത്തിയായി മെസിയെ പ്രതിരോധിക്കുകയാണ് ഇപ്പോള്‍. മെസിക്ക് പന്ത് കിട്ടാത്തതിനാല്‍ ഡിഫന്‍സീവ് പകുതിയിലേക്ക് സ്ഥിരമായി വരേണ്ടി വരുന്നതും ബാഴ്‌സയുടെ പ്രധാന പ്രശ്‌നമാണ്'- റിവാള്‍ഡോ പറഞ്ഞു.

എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ 71ാം മിനുട്ടില്‍ ബ്രസീല്‍ യുവ താരം വിനിഷ്യസ് ജൂനിയര്‍ നേടിയ ഗോളാണ് മത്സരത്തിന്റെ ഗതി തിരിച്ചത്. റയലിലെ നിര്‍ണായക താരമാണ് വിനിഷ്യസെന്ന് റിവാള്‍ഡോ പറഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ റയല്‍ തോല്‍ക്കാന്‍ കാരണം വിനിഷ്യസിനെ മത്സരത്തിനിടെ പിന്‍വലിച്ചതാണ്. സിദാന്റെ ആ തന്ത്രം പാളി. അതോടെ മത്സരത്തിന്റെ നിയന്ത്രണം സിറ്റി സ്വന്തമാക്കിയെന്നും റിവാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com