ചരിത്രമെഴുതി 'ഇന്ത്യന്‍ ഉസൈന്‍ ബോള്‍ട്ട്' വീണ്ടും; ഇത്തവണ മെഡല്‍ നേട്ടത്തില്‍ റെക്കോര്‍ഡ്

ഹുക്കേരി ഷെട്ടിയെ പിന്തള്ളിയാണ് ശ്രീനിവാസ ഗൗഡ നേട്ടം പിടിച്ചെടുത്തത്
ചരിത്രമെഴുതി 'ഇന്ത്യന്‍ ഉസൈന്‍ ബോള്‍ട്ട്' വീണ്ടും; ഇത്തവണ മെഡല്‍ നേട്ടത്തില്‍ റെക്കോര്‍ഡ്

മംഗളൂരു: വേഗത കൊണ്ട് അമ്പരപ്പിച്ച, ഇന്ത്യന്‍ ഉസൈന്‍ ബോള്‍ട്ടെന്ന വിളിപ്പേര് സ്വന്തമാക്കിയ കമ്പള ഓട്ടത്തിലെ താരം ശ്രീനിവാസ ഗൗഡ പുതിയ ചരിത്രമെഴുതി. 

കമ്പള ഓട്ടത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ ഉസൈന്‍ ബോള്‍ട്ട് സ്വന്തമാക്കിയത്. 32 മെഡലുകളുമായി മുന്നില്‍ നില്‍ക്കുകയായിരുന്ന ഹുക്കേരി ഷെട്ടിയെ പിന്തള്ളിയാണ് ശ്രീനിവാസ ഗൗഡ നേട്ടം പിടിച്ചെടുത്തത്. 

സീസണില്‍ ഒരു കമ്പള മത്സരം മാത്രം അവശേഷിക്കെ ശ്രീനിവാസ ഗൗഡയുടെ മെഡല്‍ നേട്ടം 42ല്‍ എത്തി. വെനൂരില്‍ നടന്ന പോരാട്ടത്തില്‍ തന്നെ മെഡല്‍ നേട്ടം 35ല്‍ എത്തിച്ച താരം കാസര്‍കോട് പൈവെളികയില്‍ നടന്ന പോരാട്ടത്തില്‍ നാല് മെഡലുകളാണ് വേഗ വിസ്മയം തീർത്ത് സ്വന്തമാക്കിയത്. പിന്നീട് ഉപ്പിനങടിയില്‍ നടന്ന വിജയ- വിക്രമ കമ്പളയില്‍ മൂന്ന് മെഡലുകളും നേടിയാണ് 42എന്ന സംഖ്യയില്‍ ശ്രീനിവാസ ഗൗഡ എത്തിയത്. 

നേരത്തെ കമ്പള മത്സരത്തില്‍ വേഗത്തില്‍ കുതിച്ച് ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് തിരുത്തിയാണ് ശ്രീനിവാസ ഗൗഡ ഒറ്റ ദിവസം കൊണ്ട് താരമായത്. ദക്ഷിണ കന്നഡയിലെ ഉഡുപ്പിയില്‍ നടന്ന കാളപ്പൂട്ട് മത്സരത്തിനിടെയായിരുന്നു മൂഡബദ്രിയില്‍ നിന്നുള്ള ശ്രീനിവാസ ഗൗഡയുടെ റെക്കോര്‍ഡ് പ്രകടനം. 

142.5 മീറ്റര്‍ ദൂരം 13.62 സെക്കന്‍ഡിലാണ് ഗൗഡ ഓടിയത്. ഇതിനെ 100 മീറ്ററിലേക്ക് ചുരുക്കി കണക്കാക്കുമ്പോഴാണ് 9.55 എന്ന സമയം. ഇതോടെ നിര്‍മാണത്തൊഴിലാളിയായ ശ്രീനിവാസ ഗൗഡയ്ക്ക് ഇന്ത്യന്‍ ബോള്‍ട്ട് എന്ന വിളിപ്പേരു വീണു. പിന്നാലെ സായിയില്‍ ട്രയല്‍സിനെത്തണമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു ആവശ്യപ്പെട്ടതും ശ്രദ്ധേയമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com