മാരകമായി പന്തെറിഞ്ഞ് ഉനദ്കട്, പത്ത് വിക്കറ്റുകള്‍; ഗുജറാത്തിനെ തകര്‍ത്ത് സൗരാഷ്ട്ര രഞ്ജി ഫൈനലില്‍

ഗുജറാത്തിനെ 92 റണ്‍സിന് പരാജയപ്പെടുത്തി സൗരാഷ്ട്ര രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി
മാരകമായി പന്തെറിഞ്ഞ് ഉനദ്കട്, പത്ത് വിക്കറ്റുകള്‍; ഗുജറാത്തിനെ തകര്‍ത്ത് സൗരാഷ്ട്ര രഞ്ജി ഫൈനലില്‍

രാജ്‌കോട്ട്: ഗുജറാത്തിനെ 92 റണ്‍സിന് പരാജയപ്പെടുത്തി സൗരാഷ്ട്ര രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി. 327 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന്റെ പോരാട്ടം 234 റണ്‍സില്‍ അവസാനിപ്പിച്ചാണ് സൗരാഷ്ട്ര വിജയം പിടിച്ചത്. ഈ മാസം ഒന്‍പതിന് നടക്കുന്ന ഫൈനലില്‍ ബംഗാളും സൗരാഷ്ട്രയും തമ്മില്‍ കീരിടത്തിനായി ഏറ്റുമുട്ടും. കരുത്തരായ കര്‍ണാടകയെ തകര്‍ത്താണ് ബംഗാള്‍ കലാശപ്പോരിനെത്തുന്നത്. 

സ്‌കോര്‍- സൗരാഷ്ട്ര ഒന്നാം ഇന്നിങ്‌സില്‍ 304 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ 274 റണ്‍സ്. ഗുജറാത്ത് 252, 234.

ക്യാപ്റ്റന്‍ ജയദേവ് ഉനദ്കട് മാരകമായി പന്തെറിഞ്ഞത് സൗരാഷ്ട്രയ്ക്ക് തുണയായി. രണ്ടാം ഇന്നിങ്‌സില്‍ ഗുജറാത്തിന്റെ ഏഴ് വിക്കറ്റുകളാണ് ഉനദ്കട് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഉനദ്കട് രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റുകളും നേടി മൊത്തം പത്ത് വിക്കറ്റുകള്‍ പിഴുതാണ് ഗുജറാത്തിന്റെ അന്തകനായത്. 

അതിനൊപ്പം 21 വര്‍ഷം പഴക്കമുള്ള ഒരു രഞ്ജി ട്രോഫി റെക്കോര്‍ഡും ഉനദ്കട് പഴങ്കഥയാക്കി. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന പേസ് ബൗളറെന്ന റെക്കോര്‍ഡാണ് സൗരാഷ്ട്ര നായകന്‍ കൂടിയായ ഉനദ്കട് സ്വന്തമാക്കിയത്. കര്‍ണാടക പേസര്‍ ദൊഡ്ഡ ഗണേഷ് 1998-99 സീസണില്‍ നേടിയ 62 വിക്കറ്റുകളെന്ന നേട്ടമാണ് 65 വിക്കറ്റുകള്‍ പിഴുത് ഉനദ്കട് സ്വന്തം പേരിലാക്കിയത്. 

ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ എന്ന റെക്കോര്‍ഡ് അശുതോഷ് അമന്റെ പേരിലാണ് 68 വിക്കറ്റുകള്‍. താരം സ്പിന്നറാണ്. രണ്ടാം സ്ഥാനത്തുള്ള സ്പിന്നര്‍ ബിഷന്‍ സിങ് ബേദിയാണ്. അദ്ദേഹം 64 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ബേദിയെ പിന്തള്ളി ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉനദ്കട് എത്തി. 

ഗുജറാത്തിനായി രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേല്‍ (93), ചിരാഗ് ഗാന്ധി (96) എന്നിവര്‍ പൊരുതിയെങ്കിലും മറ്റൊരാളും പിന്തുണയ്ക്കാനില്ലാതെ പോയി. 

സൗരാഷ്ട്രയ്ക്കായി ഒന്നാം ഇന്നിങ്‌സില്‍ ഷെല്‍ഡന്‍ ജാക്‌സനും (103), രണ്ടാം ഇന്നിങ്‌സില്‍ അര്‍പിത് വാസവദ (139)യും സെഞ്ച്വറികള്‍ നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com