ഒരു പന്തില്‍ 22 റണ്‍സ് എന്നതിനേക്കാള്‍ അനീതിയല്ല; ഇംഗ്ലണ്ടിനായി  വിലപിക്കുന്നവര്‍ ഓര്‍ത്തിരിക്കേണ്ട സ്‌കോര്‍ ബോര്‍ഡ് 

1992ലെ ലോകകപ്പ് സെമിയില്‍ ഇതുപോലൊരു മഴ നിയമത്തിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് സെമി കടമ്പ കടന്ന് ഫൈനലിലേക്ക് കടന്നത്
ഒരു പന്തില്‍ 22 റണ്‍സ് എന്നതിനേക്കാള്‍ അനീതിയല്ല; ഇംഗ്ലണ്ടിനായി  വിലപിക്കുന്നവര്‍ ഓര്‍ത്തിരിക്കേണ്ട സ്‌കോര്‍ ബോര്‍ഡ് 

നിതാ ട്വന്റി20 ലോകകപ്പ് സെമി ഫൈനല്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെ ഇന്ത്യക്ക് ഫൈനലിലേക്ക് ലഭിച്ച ഫ്രീ പാസിനെ ചൊല്ലിയുള്ള കോലാഹലങ്ങള്‍ അവസാനിച്ചിട്ടില്ല. കളി തോറ്റ് പുറത്തേക്ക് പോവുന്നതാണ് ഫ്രീ പാസിലൂടെ ഫൈനലിലേക്ക് പോവുന്നതിനേക്കാള്‍ അന്തസ് എന്ന പ്രതികരണവുമായി സൗത്ത് ആഫ്രിക്കന്‍ ടീം അംഗം തന്നെ രംഗത്തെത്തുകയുണ്ടായി. എന്നാല്‍ 1992ലെ ലോകകപ്പ് സെമി ഫൈനല്‍ ഇംഗ്ലണ്ടിനായി വാദിക്കുന്നവരുടെ ഓര്‍മയിലേക്ക് കൊണ്ടുവരികയാണ് ഇന്ത്യന്‍ ആരാധകര്‍. 

1992ലെ ലോകകപ്പ് സെമിയില്‍ ഇതുപോലൊരു മഴ നിയമത്തിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് സെമി കടമ്പ കടന്ന് ഫൈനലിലേക്ക് കടന്നത്. അന്ന് മഴ നിയമത്തില്‍ തിരിച്ചടിയേറ്റത് സൗത്ത് ആഫ്രിക്കക്കും. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 46 ഓവറില്‍ കണ്ടെത്തിയത് 252 റണ്‍സ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്കയുടെ ഇന്നിങ്‌സിലെ 43ാം ഓവറിലെ അവസാന പന്തായപ്പോള്‍ മഴയെത്തി. 

മഴ എത്തുമ്പോള്‍ 13 പന്തില്‍ നിന്ന് ജയിക്കാന്‍ 22 റണ്‍സായിരുന്നു സൗത്ത് ആഫ്രിക്കക്ക് വേണ്ടത്. എന്നാല്‍ രണ്ട് ഓവര്‍ മഴയെ തുടര്‍ന്ന് നഷ്ടപ്പെട്ടതോടെ ഒരു പന്തില്‍ ജയിക്കാന്‍ 21 റണ്‍സ് എന്നായി സൗത്ത് ആഫ്രിക്കയുടെ മുന്‍പിലെ വിജയ ലക്ഷ്യം. അവിടെ ഇംഗ്ലണ്ട് 19 റണ്‍സിന്റെ ജയം നേടി. 

22 പന്തില്‍ 1 റണ്‍സ് എന്ന നിലയില്‍ വിജയ ലക്ഷ്യം പുനഃനിര്‍ണയിച്ചതിനേക്കാള്‍ അനീതിയല്ല വനിതാ ട്വന്റി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിന് പുറത്തേക്കുള്ള വഴി തുറന്നതെന്ന് ആരാധകര്‍ പറയുന്നു. 2019 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ബൗണ്ടറി നിയമത്തിലൂടെ കിരീടം ചൂടിയ ഇംഗ്ലണ്ടിന് ഇവിടെ പരാതി പറയാന്‍ അവകാശമില്ലെന്ന വാദവും ശക്തമാണ്. 

ഇന്ത്യക്ക് ഇവിടെ ലഭിച്ചത് ഫ്രീ പാസ് അല്ലെന്നും, ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തെടുത്ത മികവിനുള്ള പ്രതികരണമാണെന്നും ഹര്‍ഷ ഭോഗ് ലെ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ നാലില്‍ നാല് കളിയും ഇന്ത്യ ജയിച്ചപ്പോള്‍ ഗ്രൂപ്പ് ബിയില്‍ മൂന്ന് കളി ജയിച്ച് രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിയിലേക്കെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com