ആദ്യം പത്താം ക്ലാസ് പാസാവണം, സൈക്ലിങ്ങിലേക്കില്ല, ട്രെയല്‍സിനുള്ള ക്ഷണം നിരസിച്ച് ജ്യോതി

ലോക്ക്ഡൗണില്‍ കുടുങ്ങിയ സമയം പിതാവിനെ പിന്നിലിരുത്തി 1200 കിലോ മീറ്റര്‍ സൈക്കളോടിച്ച് ജ്യോതി കുമാരി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു
ആദ്യം പത്താം ക്ലാസ് പാസാവണം, സൈക്ലിങ്ങിലേക്കില്ല, ട്രെയല്‍സിനുള്ള ക്ഷണം നിരസിച്ച് ജ്യോതി

പാട്‌ന: ട്രെയല്‍സ് നടത്താനുള്ള സൈക്ലിങ് ഫെഡറേഷന്റെ ക്ഷണം നിരസിച്ച് ജ്യോതി കുമാരി. ലോക്ക്ഡൗണില്‍ കുടുങ്ങിയ സമയം പിതാവിനെ പിന്നിലിരുത്തി 1200 കിലോ മീറ്റര്‍ സൈക്കളോടിച്ച് ജ്യോതി കുമാരി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതോടെയാണ് സൈക്ലിങ് ഫെഡറേഷന്‍ ജ്യോതി കുമാരിയെ തേടിയെത്തിയത്. 

എന്നാല്‍ പഠനത്തിനാണ് പ്രാധാന്യം നല്‍കുന്നത് എന്ന് പറഞ്ഞാണ് ജ്യോതി കുമാരി ക്ഷണം നിരസിച്ചത്. ഏറെ ദൂരം സൈക്കളോടിച്ചതിനെ തുടര്‍ന്ന് ഞാന്‍ ശാരീരികമായി ക്ഷീണിതയാണെന്നും പതിനഞ്ചുകാരിയായ ജ്യോതി കുമാരി പറഞ്ഞു. കുടുംബ പ്രശ്‌നങ്ങള്‍ കാരണം നേരത്തെ പഠിക്കാന്‍ പോവാനായിരുന്നില്ല. വീട്ടുജോലിക്ക് പോവേണ്ടി വന്നിരുന്നു. എന്നാല്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കുകയാണ് ഇപ്പോള്‍ തന്റെ ലക്ഷ്യമെന്നും ജ്യോതി കുമാരി വ്യക്തമാക്കി. 

ജ്യോതിയുടെ പഠന ചെലവുകള്‍ ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി ലോക്ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഏത് സിലബസിലുള്ള സ്‌കൂളില്‍ പഠിക്കാനാണ് ജ്യോതി ആഗ്രഹിക്കുന്നത് എന്ന് വെച്ചാല്‍ അതിന് വേണ്ട ചെലവുകള്‍ താന്‍ വഹിക്കുമെന്ന് പാസ്വാന്‍ പറഞ്ഞു. ജ്യോതിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഇവാന്‍ക ട്രംപിന്റെ മകളടക്കം നിരവധി പേര്‍ എത്തിയിരുന്നു. 

ജ്യോതിയുടെ പത്താം ക്ലാസ് പൂര്‍ത്തിയായതിന് ശേഷം സൈക്ലിങ്ങിലേക്ക് വിടാനാണ് താത്പര്യമെന്ന് പിതാവ് പറഞ്ഞു. പിണ്ഡാറുച്ച് ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസിലേക്കാണ് ജ്യോതി ഇപ്പോള്‍ പ്രവേശനം നേടിയത്. ഹരിയാനയിലെ ഗുഡ്ഗാവില്‍ നിന്ന് അച്ഛനെ ബിഹാറിലെ വീട്ടിലെത്തിക്കാനായി 1200 കിലോമീറ്ററോളമാണ് ജ്യോതി കുമാരി സൈക്കളോടിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com