10 വര്‍ഷം കൊണ്ട് ഐസിസി ക്രിക്കറ്റിനെ കൊന്നു, അവരെ അഭിനന്ദിക്കുന്നു, തുറന്നടിച്ച് അക്തര്‍

ഓവറില്‍ ഒരു ബൗണ്‍സര്‍ എന്ന നിയമം കളയണം. രണ്ട് ന്യൂബോളും, ഔട്ട്‌സൈഡില്‍ നാല് ഫീല്‍ഡര്‍മാരുമായാണ് നമ്മള്‍ കളിക്കുന്നത്
10 വര്‍ഷം കൊണ്ട് ഐസിസി ക്രിക്കറ്റിനെ കൊന്നു, അവരെ അഭിനന്ദിക്കുന്നു, തുറന്നടിച്ച് അക്തര്‍

ലാഹോര്‍: കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ക്രിക്കറ്റിനെ ഐസിസി ഇല്ലാതാക്കി കഴിഞ്ഞുവെന്ന് ഷുഐബ് അക്തര്‍. ഇഎസ്പിഎന്‍ക്രിക്ക്ഇന്‍ഫോയില്‍ സഞ്ജയ് മഞ്ജരേക്കറിനൊപ്പം സംസാരിക്കുമ്പോഴായിരുന്നു അക്തറിന്റെ വാക്കുകള്‍. 

മയമില്ലാതെ ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയട്ടേ, ഐസിസി ക്രിക്കറ്റിനെ ഇല്ലാതാക്കുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ഐസിസി ക്രിക്കറ്റിനെ ഏതാണ്ട് ഇല്ലാതാക്കി കഴിഞ്ഞു. നന്നായി ചെയ്തു എന്ന് ഞാന്‍ അവരോട് പറയുകയാണ്. കാരണം എന്താണോ ഉദ്ദേശിച്ചത് അത് അവര്‍ നന്നായി ചെയ്തു, അക്തര്‍ പറയുന്നു. 

ഓവറില്‍ അനുവദനീയമായ ബൗണ്‍സറുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും അക്തര്‍ വാദിക്കുന്നു. ഓവറില്‍ ഒരു ബൗണ്‍സര്‍ എന്ന നിയമം കളയണം. രണ്ട് ന്യൂബോളും, ഔട്ട്‌സൈഡില്‍ നാല് ഫീല്‍ഡര്‍മാരുമായാണ് നമ്മള്‍ കളിക്കുന്നത്. നിങ്ങള്‍ ഐസിസിയോട് ചോദിക്കൂ, കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ക്രിക്കറ്റിന് വളര്‍ച്ചയാണോ ഉണ്ടായത് അതോ താഴേക്ക് പോയോ എന്ന്...

സച്ചിന് മുകളില്‍ കളിക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളതെന്നും അക്തര്‍ പറഞ്ഞു. 2006ലെ പാക് പര്യടനത്തിന്റെ സമയത്ത് സച്ചിന് ടെന്നീസ് എല്‍ബോ ആണെന്ന് എനിക്കറിയായിരുന്നു. എനിക്കെതിരെ ഇതോടെ സച്ചിന് ഹുക്ക്, പുള്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് വ്യക്തമായി. ഇതോടെ സച്ചിനെ നിശബ്ദനാക്കാന്‍ ഞാന്‍ തുടരെ ബൗണ്‍സറുകള്‍ എറിഞ്ഞു...

ഫാസ്റ്റ് ബൗളര്‍മാര്‍ പുള്ളിപ്പുലിയെ പോലെയാവണം. ഇരയെ വേട്ടയാടി വീഴ്ത്തണം. എന്നെ പോലെയുള്ളവരാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ വേണ്ടത്. അങ്ങനെയെങ്കില്‍ 12 ഫാസ്റ്റ് ബൗളര്‍മാരെയെങ്കിലും ഞാനിപ്പോള്‍ രാജ്യത്തിന്റെ മുന്‍പിലേക്ക് തയ്യാറാക്കി കൊണ്ടുവന്നിട്ടുണ്ടാവും, അക്തര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com