1999-2002ല്‍ വിക്കറ്റിന് പിന്നില്‍ വന്ന് പോയത് 6 പേര്‍; സഞ്ജുവിന് അവസരം നല്‍കണമെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍

1999 മുതല്‍ 2002 വരെ ഞാനുള്‍പ്പെടെ 6 പേരെ വിക്കറ്റ് കീപ്പിങ്ങില്‍ ഇന്ത്യ പരീക്ഷിച്ചു. അതുപോലത്തെ സാഹചര്യമാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെന്ന് രത്ര
1999-2002ല്‍ വിക്കറ്റിന് പിന്നില്‍ വന്ന് പോയത് 6 പേര്‍; സഞ്ജുവിന് അവസരം നല്‍കണമെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍

ന്യൂഡല്‍ഹി: നയന്‍ മോംഗിയ വിരമിച്ചതിന് ശേഷം വിക്കറ്റ് കീപ്പിങ്ങില്‍ ഇന്ത്യ നേരിട്ടതിന് സമാനമായ തലവേദനയാണ് ഇപ്പോഴുമുണ്ടായിരിക്കുന്നതെന്ന് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ അജയ് രത്ര. 1999 മുതല്‍ 2002 വരെ ഞാനുള്‍പ്പെടെ 6 പേരെ വിക്കറ്റ് കീപ്പിങ്ങില്‍ ഇന്ത്യ പരീക്ഷിച്ചു. അതുപോലത്തെ സാഹചര്യമാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെന്ന് രത്ര പറയുന്നു. 

എംഎസ്‌കെ പ്രസാദ്, സബാ കരിം, വിജയ് ദഹിയ, സമീര്‍ ദിഗെ, ദീപ് ദാസ്ഗുപ്ത എന്നിവരെയാണ് 1999 മുതല്‍ 2002 വരെയുള്ള കാലയളവില്‍ പരിഗണിച്ചത്. പിന്നാലെ രാഹുല്‍ ദ്രാവിഡിന്റെ കൈകളിലേക്ക് ആ ഉത്തരവാദിത്വം എത്തി. ലോകകപ്പിന് ശേഷം ധോനി വിക്കറ്റിന് പിന്നിലേക്ക് വന്നിട്ടില്ല. ഇതിനിടയില്‍ എത്ര പേരെ ഇന്ത്യ പരീക്ഷിച്ചു. റിഷഭ് പന്ത്, സഞ്ജു സാംസണ്‍, വൃദ്ധിമാന്‍ സാഹ എന്നിവരെ കൊണ്ടുവന്നു, ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ പറയുന്നു. 

ഇപ്പോള്‍ രാഹുലിലേക്കാണ് നമ്മള്‍ വന്ന് നില്‍ക്കുന്നത്. രാഹുല്‍ ദ്രാവിഡ് കീപ്പറായത് പോലെയാണ് ഇതും. അന്ന് ഒരു രാഹുല്‍ വന്നു. ഇന്ന് മറ്റൊരു രാഹുല്‍ വന്നിരിക്കുന്നു. സഞ്ജു സാംസണിന് ഇനിയും അവസരങ്ങള്‍ ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ. കുറച്ച് അവസരങ്ങള്‍ മാത്രം ലഭിച്ച സഞ്ജുവിന് നല്ല കളി പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ഭാവിയില്‍ പ്രതിഭ പുറത്തെടുക്കാന്‍ സഞ്ജുവിന് കൂടുതല്‍ അവസരം ലഭിക്കും...

വിദേശ പിച്ചുകളില്‍ സാഹയാണ് കൂടുതല്‍ മികവ് കാണിക്കുന്നത്. പന്തിന് വിക്കറ്റ് കീപ്പിങ്ങിലെ തന്റെ കഴിവ് മെച്ചപ്പെടുത്തേണ്ടതുണ്ട്. രാഹുല്‍ വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. സാഹയേയും പന്തിനേയും പോലുള്ള താരങ്ങളെ മാനേജ്‌മെന്റ് പിന്തുണക്കുന്നു എന്നതില്‍ സന്തോഷമുണ്ടെന്നും രത്ര പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com