അപകടം വിളിച്ച് വരുത്തുന്ന ഹെൽമറ്റുമായി അഫ്രീദി ക്രീസിൽ; വിമർശനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th November 2020 11:54 AM |
Last Updated: 15th November 2020 11:54 AM | A+A A- |

ലാഹോർ: കളിക്കാരുടെ സുരക്ഷ ഉറപ്പാക്കും വിധമുള്ള പരീക്ഷണങ്ങളും മാറ്റങ്ങളുമാണ് ബാറ്റ്സ്മാന്മാരുപയോഗിക്കുന്ന ഹെൽമറ്റിൽ കഴിഞ്ഞുപോയ വർഷങ്ങൾ വരുത്തി കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഷാഹിദ് അഫ്രീദി ഉപയോഗിച്ച ഹെൽമറ്റാണ് ചോദ്യങ്ങൾ ഉയർത്തുന്നത്.
അപകടകരമാം വിധത്തിലുള്ള മാറ്റങ്ങൾ വരുത്തിയ ഹെൽമറ്റാണ് അഫ്രീദി പിസിഎല്ലിലെ ക്വാളിഫയർ മത്സരത്തിന് ഇറങ്ങിയപ്പോൾ ഞായറാഴ്ച ധരിച്ചത്. മുകളിലെ ഗ്രിൽ മാറ്റിയ നിലയിലായിരുന്നു ഈ ഹെൽമറ്റ്. വലിയ വിടവിനെ തുടർന്ന് ബാറ്റ്സ്മാന്റെ കണ്ണിൽ ഉൾപ്പെടെ പന്ത് വന്നടിക്കാൻ ഇടയാക്കും വിധത്തിലാണ് അഫ്രീദിയുടെ ഹെൽമറ്റിന്റെ രൂപകൽപ്പന.
കളിയിൽ 12 പന്തിൽ നിന്ന് 12 റൺസ് എടുത്ത് അഫ്രീദി മടങ്ങിയത് ഈ ഹെൽമറ്റ് ധരിച്ചത്. ഹെൽമറ്റിലെ അസാധാരണത്വം കമന്ററി ബോക്സിൽ ഉണ്ടായിരുന്നവരും ചൂണ്ടിക്കാണിച്ചു. സുരക്ഷയ്ക്ക് ഭീഷണിയാണെങ്കിലും ബൗളറിലും പന്തിലും വ്യക്തമായ കാഴ്ച ലഭിക്കാൻ ഇത്തരം ഹെൽമറ്റ് സഹായിക്കുമെന്നാണ് കമന്ററി ബോക്സിലുണ്ടായിരുന്ന ജോണ്ടി റോഡ്സ് പറഞ്ഞത്.
അടുത്തിടെ ഹെൽമറ്റ് നിർബന്ധമാക്കണം എന്ന ആവശ്യവുമായി സച്ചിൻ രംഗത്തെത്തിയിരുന്നു. ഹെൽമറ്റ് ധരിക്കാതെ ബാറ്റ്സ്മാന്മാർ ക്രീസിൽ ഇറങ്ങുന്നത് എത്രമാത്രം അപകടകരമാവും എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സച്ചിന്റെ ആവശ്യം. എന്നാൽ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തുള്ള ഹെൽമറ്റുമായി അഫ്രീദി വന്നത് വരും ദിവസങ്ങളിൽ ക്രിക്കറ്റ് ലോകത്ത് ചർച്ചയാവും.