കോഹ്‌ലിയുടെ മുഖത്ത് വിരസത കാണാം, തളര്‍ന്നുവെങ്കില്‍ ക്യാപ്റ്റന്‍സി കൈമാറണം: ഷുഐബ് അക്തര്‍ 

തളര്‍ച്ച തോന്നുന്നുണ്ടെങ്കില്‍ നായകത്വം കൈമാറുന്നതിനെ കുറിച്ച് കോഹ് ലി ചിന്തിക്കണം എന്ന് അക്തര്‍ പറഞ്ഞു
കോഹ്‌ലിയുടെ മുഖത്ത് വിരസത കാണാം, തളര്‍ന്നുവെങ്കില്‍ ക്യാപ്റ്റന്‍സി കൈമാറണം: ഷുഐബ് അക്തര്‍ 

ലാഹോര്‍: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ് ലിയുടെ മുഖത്ത് വിരസത പ്രകടമായിരുന്നതായി പാക് മുന്‍ പേസര്‍ ഷുഐബ് അക്തര്‍. തളര്‍ച്ച തോന്നുന്നുണ്ടെങ്കില്‍ നായകത്വം കൈമാറുന്നതിനെ കുറിച്ച് കോഹ് ലി ചിന്തിക്കണം എന്ന് അക്തര്‍ പറഞ്ഞു. 

ടീമിനെ നയിച്ച് മുന്‍പോട്ട് പോവാനാണ് കോഹ് ലിയുടെ താത്പര്യം എന്നാണ് ഞാന്‍ മനസിലാക്കുന്നത്. എത്രമാത്രം ക്ഷീണം കോഹ് ലിക്ക് തോന്നുന്നു എന്നതാണ് ഇവിടെ വിഷയം. 2010 മുതല്‍ നോണ്‍ സ്‌റ്റോപ്പായി കളിക്കുകയാണ്. 70 സെഞ്ചുറിയും, റണ്‍ മലയും കോഹ് ലിയുടെ പേരിലുണ്ട്, അക്തര്‍ ചൂണ്ടിക്കാണിച്ചു. 

ക്ഷീണിതനായി തോന്നുന്നു എങ്കില്‍ ഏതെങ്കിലും ഒരു ഫോര്‍മാറ്റിലെ നായക സ്ഥാനം രോഹിത്തിന് കോഹ് ലി കൈമാറണം. ഐപിഎല്‍ സമയത്ത് കോഹ് ലിയുടെ മുഖത്തെ വിരസത എനിക്ക് മനസിലായി. ചിലപ്പോള്‍ ബയോ ബബിളില്‍ കഴിഞ്ഞതിന്റേയുമാവാം അത്. കോഹ് ലിക്ക് സ്‌ട്രെസ് ഉള്ളതായാണ് മനസിലാക്കുന്നത്. 

ക്യാപ്റ്റന്‍ എന്ന നിലയില്‍ കഴിവ് തെളിയിക്കാന്‍ രോഹിത്തിന് ലഭിച്ച മികച്ച അവസരമാണ് ഓസ്‌ട്രേലിയന്‍ പര്യടനം. നായക സ്ഥാനം രണ്ട് കയ്യും നീട്ടി രോഹിത് സ്വീകരിക്കും. ടീമിനെ നയിക്കാനുള്ള കഴിവും പ്രാപ്തിയും രോഹിത്തിനുണ്ട്. അവിടെ നായകനായും ക്യാപ്റ്റനായും രോഹിത് കഴിവ് തെളിയിച്ചാല്‍ പിന്നെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെ കുറിച്ച് ചിന്തിക്കേണ്ടി വരുമെന്നും അക്തര്‍ പറഞ്ഞു. 

ഓസ്‌ട്രേലിയയില്‍ ജയിക്കാന്‍ ഇന്ത്യക്ക് വലിയ സാധ്യതയാണ് ഉള്ളതെന്നും അക്തര്‍ പറഞ്ഞു. രാത്രി പകല്‍ ടെസ്റ്റ് ആയിരിക്കും ഏറ്റവും കടുപ്പമേറിയത്. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകള്‍ കഴിയുമ്പോള്‍ മനസിലാക്കാം പരമ്പരയുടെ ഗതിയെന്നും അക്തര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com