ജംഷഡ്പൂരിനെ തകര്‍ത്ത് ചെന്നൈ; അനിരുദ്ധ് ഥാപ്പ കളിയിലെ താരം

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയുടെ വിജയം
ജംഷഡ്പൂരിനെ തകര്‍ത്ത് ചെന്നൈ; അനിരുദ്ധ് ഥാപ്പ കളിയിലെ താരം

പനാജി: ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയുടെ വിജയം. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കളിയുടെ ആദ്യപകുതിയിലായിരുന്നു മൂന്നുഗോളുകളും പിറന്നത്. അനിരുദ്ധ് ഥാപ്പയാണ് കളിയിലെ താരം. 

കൡതുടങ്ങി ആദ്യമിനിറ്റില്‍ തന്നെ ചെന്നൈ ജംഷ്ഡ്പൂരിനെതിരെ ഗോള്‍ നേടി. 54ാം സെക്കന്റിലായിരുന്നു അനിരുദ്ധിന്റെ ഗോള്‍. ഐഎസ്എല്ലിലെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നാണിത്. ഗോള്‍ വഴങ്ങിയതോടെ ജംഷേഡ്്പുര്‍ ഉണര്‍ന്നുകളിച്ചു. അതിന്റെ ഫലമായി എഴാം മിനിട്ടില്‍ മികച്ച ഒരവസരം നായകന്‍ ഹാര്‍ട്ലിയ്ക്ക് ലഭിച്ചെങ്കിലും അത് ഗോളാക്കിമാറ്റാനായില്ല. തൊട്ടുപിന്നാലെ ചെന്നൈയുടെ ഇസ്മയ്ക്ക് ഓപ്പണ്‍ ചാന്‍സ് ലഭിച്ചെങ്കിലും ആശയക്കുഴപ്പം കാരണം അത് ഗോളായില്ല. 

എന്നാല്‍ 26-ാം മിനിട്ടില്‍ ചെന്നൈയ്ക്ക് ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച ഇസ്മയില്‍ ഇസ്മ അതിന് പ്രായശ്ചിത്വം ചെയ്തു. ജംഷേദ്പുര്‍ ഗോളി രഹ്നേഷിനെ വിദഗ്ധമായി കബിളിപ്പിച്ച് ഇസ്മ അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ സ്‌കോര്‍ 2-0 എന്ന നിലയിലായി. മികച്ച പ്രകടനമാണ് ചെന്നൈയിന്‍ പുറത്തെടുത്തത്. ജംഷേദ്പുരിന്റെ ഗോള്‍മുഖത്ത് ചെന്നൈയിന്‍ നിരന്തരം ആക്രമം അഴിച്ചുവിട്ടു. 


ആദ്യ പകുതിയില്‍ തന്നെ നായകന്‍ ഹാര്‍ട്ലി പരിക്കേറ്റുപുറത്തായതോടെ ജംഷേദ്പുര്‍ പരുങ്ങലിലായി. എന്നാല്‍ 37-ാം മിനിട്ടില്‍ വാല്‍സ്‌കിസ്സിലൂടെ ടീം ചെന്നൈയ്ക്കെതിരെ ഒരു ഗോള്‍ തിരിച്ചടിച്ചു. സൂപ്പര്‍ താരം വാല്‍സ്‌കിസ് അതിമനോഹരമായ ഒരു ഹെഡ്ഡറിലൂടെ ടീമിന് ഗോള്‍ സമ്മാനിച്ചു. 71-ാം മിനിട്ടില്‍ ചെന്നൈയുടെ ചങ്തെയുടെ  വെടിയുണ്ട കണക്കെയുള്ള ഒരു ഷോട്ട് തട്ടിയിട്ട് രഹ്നേഷ് കൈയ്യടിനേടി. രണ്ടാം പകുതിയില്‍ ഇരുടീമുകളും ഒരുപോലെ കളിച്ചതോടെ കളി ആവേശത്തിലായി. ഈ സീസണിലെ ഏറ്റവും മികച്ച കളികളിലൊന്നായിരുന്നു ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com