63 സെക്കന്റ് നിര്‍ത്താതെ കയ്യടിക്കും; ഇന്ത്യ-ഓസീസ് പോരിന് തുടക്കം ഹ്യൂസിന്റെ ഓര്‍മയില്‍ 

നവംബര്‍ 27ന് ആദ്യ ഏകദിനത്തോടെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുമ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ ഫില്‍ ഹ്യൂസിന് ആദരവര്‍പ്പിക്കും
63 സെക്കന്റ് നിര്‍ത്താതെ കയ്യടിക്കും; ഇന്ത്യ-ഓസീസ് പോരിന് തുടക്കം ഹ്യൂസിന്റെ ഓര്‍മയില്‍ 

സിഡ്‌നി: നവംബര്‍ 27ന് ആദ്യ ഏകദിനത്തോടെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുമ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ ഫില്‍ ഹ്യൂസിന് ആദരവര്‍പ്പിക്കും. 63 സെക്കന്റ് സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിര്‍ത്താതെ കയ്യടികള്‍ ഉയരും...

ക്രിക്കറ്റ് ലോകത്തെ ഉലച്ച് ഹ്യൂസ് വിടപറഞ്ഞിട്ട് നവംബര്‍ 27ന് ആറ് വര്‍ഷം പിന്നിടും. 2014ല്‍ ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍ 63 റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴാണ് അബോട്ടിന്റെ ബൗണ്‍സര്‍ ഹ്യൂസിന്റെ ജീവനെടുത്തത്. 

ഹ്യൂസിന്റെ പേരെഴുതി ആം ബാന്‍ഡും ഓസ്‌ട്രേലിയന്‍ ടീം ധരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹ്യൂസ് അവസാനമായി കളിച്ചതും സിഡ്‌നി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ്. ഹ്യൂസിന്റെ വീഴ്ചയ്ക്ക് പിന്നാലെ ഷെഫീല്‍ഡ് ഷീല്‍ഡിലെ എല്ലാ മത്സരങ്ങളും ഉപേക്ഷിക്കുകയും, എല്ലാ ശ്രദ്ധയും ഹ്യൂസിലേക്ക് മാത്രമായി നല്‍കുകയും ചെയ്തു. 

എന്നാല്‍ ഹ്യൂസിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ലോകത്തിന്റെ പ്രാര്‍ഥനകള്‍ക്ക് കഴിഞ്ഞില്ല. ഈ സമയം ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ഇവിടെ ഉണ്ടായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി 26 ടെസ്റ്റും, 25 ഏകദിനവും ഹ്യൂസ് കളിച്ചു. 2009ലായിരുന്നു അരങ്ങേറ്റം.

ദേശിയ ടീമിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങി നില്‍ക്കെയാണ് മരണം ഹ്യൂസിനെ തിരികെ കൊണ്ടുപോയത്. പരമ്പരയിലേക്ക് വരുമ്പോള്‍ കോവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരമാണ് നാളെ നടക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com