കാര്‍ത്തിക്കിനെ നായക സ്ഥാനത്ത് നിന്ന് മാറ്റണം, കൊല്‍ക്കത്ത ആരാധകരെ പിന്തുണച്ച് ശ്രീശാന്തും 

ഡല്‍ഹി ഉയര്‍ത്തിയ 229 റണ്‍സ് പിന്തുടര്‍ന്ന കെകെആര്‍ 18 റണ്‍സ് അകലെ വീണതിന് പിന്നാലെയാണ് കാര്‍ത്തിക്കിനെതിരെ ആരാധകര്‍ തിരിഞ്ഞത്
കാര്‍ത്തിക്കിനെ നായക സ്ഥാനത്ത് നിന്ന് മാറ്റണം, കൊല്‍ക്കത്ത ആരാധകരെ പിന്തുണച്ച് ശ്രീശാന്തും 

ഷാര്‍ജ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ ദിനേശ് കാര്‍ത്തിക്കിനെ നായക സ്ഥാനത്ത് നിന്നും മാറ്റണം എന്ന ആവശ്യവുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആരാധകര്‍. ഡല്‍ഹി ഉയര്‍ത്തിയ 229 റണ്‍സ് പിന്തുടര്‍ന്ന കെകെആര്‍ 18 റണ്‍സ് അകലെ വീണതിന് പിന്നാലെയാണ് കാര്‍ത്തിക്കിനെതിരെ ആരാധകര്‍ തിരിഞ്ഞത്. 

ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തും ദിനേശ് കാര്‍ത്തിക്കിനെ നായക സ്ഥാനത്ത് നിന്നും മാറ്റണം എന്ന ആവശ്യം ഉന്നയിച്ചു. ദിനേശ് കാര്‍ത്തിക്കിനെ മാറ്റി പകരം മോര്‍ഗനെ നായകനാക്കണം എന്നാണ് ശ്രീശാന്ത് പറയുന്നത്. കോഹ് ലി, രോഹിത്, ധോനി എന്നിവരെ പോലെ നയിക്കുന്ന ക്യാപ്റ്റനെയാണ് കെകെആറിന് വേണ്ടതെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടി. 

2019ല്‍ പ്ലേഓഫ് കാണാതെ കൊല്‍ക്കത്ത പുറത്തായിരുന്നു. പുതിയ സീസണിലേക്ക് എത്തിയപ്പോഴും കഴിഞ്ഞ സീസണില്‍ സംഭവിച്ച പിഴവുകളില്‍ വീണ്ടും കുടുങ്ങുകയാണ് കൊല്‍ക്കത്ത. മോര്‍ഗനെ കൊണ്ടുവന്ന് ബാറ്റിങ്ങിന്റേയും കമിന്‍സിനെ കൊണ്ടുവന്ന് ബൗളിങ്ങിന്റേയും കരുത്ത് കൂട്ടിയെങ്കിലും ജയം തുടരാന്‍ കൊല്‍ക്കത്തക്ക് കഴിയുന്നില്ല. 

കൊല്‍ക്കത്ത തോല്‍വിയിലേക്ക് വീണ രണ്ട് കളിയിലും കെകെആറിന്റെ ബാറ്റിങ് ഒര്‍ഡറാണ് വില്ലനായത്. ഡല്‍ഹിക്കെതിരെ മോര്‍ഗന് മുന്‍പേ ദിനേശ് കാര്‍ത്തിക് ബാറ്റിങ്ങിന് ഇറങ്ങി. തുടരെ മൂന്ന് കളികളിലായി രണ്ടക്കം കാണാതെ പുറത്താവുകയാണ് കാര്‍ത്തിക്. എന്നിട്ടും കാര്‍ത്തിക് ബാറ്റിങ് പൊസിഷനില്‍ മുകളിലേക്ക് കയറി ഇറങ്ങിയപ്പോള്‍ മോര്‍ഗന് വേണ്ടത്ര സമയം ക്രീസില്‍ ലഭിച്ചില്ല. 

ആറാമനായി ക്രീസിലെത്തിയിട്ടും രാഹുല്‍ ത്രിപദിക്കൊപ്പം ചേര്‍ന്ന് സിക്‌സ് പറത്തി ടീമിന്റെ ജയസാധ്യത മോര്‍ഗന്‍ നിലനിര്‍ത്തി. മാത്രമല്ല, സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി ടീമില്‍ ഉള്‍പ്പെട്ടിട്ടും കമിന്‍സിന് ശേഷമാണ് ത്രിപദി ക്രീസിലേക്ക് എത്തിയത്. അതും എട്ടാമനായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com