ചെന്നൈയെ 10 വിക്കറ്റിന് തകര്‍ത്ത് മുംബൈ ; പോയിന്റ് പട്ടികയില്‍ ഒന്നാമത്

ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ക്വിന്റണ്‍ ഡിക്കോക്കും ചേര്‍ന്നാണ് അനായാസ വിജയം മുംബൈയ്ക്ക് സമ്മാനിച്ചത്
ചെന്നൈയെ 10 വിക്കറ്റിന് തകര്‍ത്ത് മുംബൈ ; പോയിന്റ് പട്ടികയില്‍ ഒന്നാമത്

ഷാര്‍ജ: ഐപിഎല്ലിൽ  ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ അനായാസ വിജയവുമായി മുംബൈ ഇന്ത്യന്‍സ്. ധോണിപ്പടയെ 10 വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. 115 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ വെറും 12.2 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ വിജയലക്ഷ്യം കണ്ടു. ചെന്നൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ക്വിന്റണ്‍ ഡിക്കോക്കും ചേര്‍ന്നാണ് അനായാസ വിജയം മുംബൈയ്ക്ക് സമ്മാനിച്ചത്. 

ഇഷാന്‍ 37 പന്തുകളില്‍ നിന്നും 68 ഉം ഡികോക്ക് 37 പന്തുകളില്‍ നിന്നും 46 ഉം റണ്‍സ് നേടി പുറത്താവാതെ നിന്നു. ഇരുവരും ആദ്യ വിക്കറ്റില്‍ 116 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ചെന്നൈ ആദ്യമായാണ് ഐപിഎല്ലില്‍ പത്തുവിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങുന്നത്. വിജയത്തോടെ മുംബൈ ഇന്ത്യന്‍സ് വീണ്ടും പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. 

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സാണ് നേടിയത്. സ്വപ്നതുല്യമായ പ്രകടനം കാഴ്ചവെച്ച മുംബൈ ബൗളര്‍മാരാണ് ചെന്നൈയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ചെന്നൈ ട്രെന്റ് ബോള്‍ട്ട് വെറും 18 റണ്‍സ് മാത്രം നല്‍കി നാല് വിക്കറ്റുകള്‍ എടുത്തപ്പോള്‍ ബുംറ, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. 

അര്‍ധസെഞ്ചുറി നേടിയ സാം കറന്റെ ഒറ്റയാള്‍ പോരാട്ടമാണ് ചെന്നൈ സ്‌കോര്‍ 100 കടത്തിയത്. 47 പന്തുകളില്‍ നിന്നും 52 റണ്‍സെടുത്ത കറന്‍ അവസാന പന്തില്‍ പുറത്തായി. ഒരു ഘട്ടത്തില്‍ സ്‌കോര്‍ 50 പോലും കടക്കില്ല എന്ന നിലയില്‍ നിന്നാണ് കറന്‍ ടീമിനെ തോളിലേറ്റി ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. എഴോവറാകുമ്പോഴേക്കും ആറ് മുന്‍നിര വിക്കറ്റുകള്‍ ചെന്നൈയ്ക്ക് നഷ്ടമായിരുന്നു. തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com