70-3 എന്ന നിലയില്‍ നില്‍ക്കെ മുംബൈയെ തകര്‍ക്കാമായിരുന്നു, എന്നാല്‍ സൂര്യകുമാര്‍ കളി തട്ടിയെടുത്തു: ആര്‍സിബി കോച്ച്‌

സൂര്യകുമാര്‍ യാദവിന്റെ മിന്നും ഇന്നിങ്‌സ്‌ ആണ്‌ കളി തങ്ങളുടെ കൈകളില്‍ നിന്ന്‌ തട്ടിയെടുത്തത്‌ എന്ന്‌ ആര്‍സിബിയുടെ മുഖ്യ പരിശീലകന്‍ കാറ്റിച്ച്
70-3 എന്ന നിലയില്‍ നില്‍ക്കെ മുംബൈയെ തകര്‍ക്കാമായിരുന്നു, എന്നാല്‍ സൂര്യകുമാര്‍ കളി തട്ടിയെടുത്തു: ആര്‍സിബി കോച്ച്‌



അബുദാബി: സൂര്യകുമാര്‍ യാദവിന്റെ മിന്നും ഇന്നിങ്‌സ്‌ ആണ്‌ കളി തങ്ങളുടെ കൈകളില്‍ നിന്ന്‌ തട്ടിയെടുത്തത്‌ എന്ന്‌ ആര്‍സിബിയുടെ മുഖ്യ പരിശീലകന്‍ കാറ്റിച്ച്‌. ഇന്ന്‌ സൂര്യകുമാര്‍ കളിച്ചത്‌ വ്യത്യസ്‌തമായാണ്‌. എത്രമാത്രം പെട്ടെന്ന്‌ സ്‌കോര്‍ ചലിപ്പിക്കാനാവുമോ അത്രയും പെട്ടെന്ന്‌ സൂര്യകുമാര്‍ ചെയ്‌തതായും കാറ്റിച്ച്‌ പറഞ്ഞു.

മികച്ച കളിക്കാരനാണ്‌ സൂര്യകുമാര്‍. ചില ബൗണ്ടറികളിലൂടേയും സിക്‌സുകളിലൂടേയും ചഹലിനെ സമ്മര്‍ദത്തിലാക്കാന്‍ സൂര്യകുമാരിന്‌ കഴിഞ്ഞു. 3-70ന്‌ അവര്‍ നില്‍ക്കുന്ന സമയം കളിയിലേക്ക്‌ തിരിച്ചെത്താന്‍ സാധിക്കുമെന്ന്‌ ഞങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ സൂര്യകുമാര്‍ അവര്‍ക്ക്‌ അനുകൂലമായി കാര്യങ്ങള്‍ തിരിച്ചു. പൊടുന്നനെ കാര്യങ്ങള്‍ സൂര്യകുമാറിന്‌ കീഴ്‌മേല്‍ മറിക്കാനായതോടെ കളിയിലേക്ക്‌ തിരിച്ചെത്തുക എന്നത്‌ ഞങ്ങള്‍ക്ക്‌ പ്രയാസമായി.

ഞങ്ങള്‍ക്ക്‌ മുകളില്‍ ഇന്ന്‌ മുംബൈ കളിച്ചു. എങ്കിലും പൊസിറ്റിവായി നിരവധി കാര്യങ്ങളുണ്ട്‌. ദേവ്‌ദത്ത്‌ പടിക്കലും, ഫിലിപ്പെയും നല്ല തുടക്കം നല്‍കി. ഫിലിപ്പെ പുറത്തായതിന്‌ പിന്നാലെ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. അവസാന 13 പന്തില്‍ നാല്‌ വിക്കറ്റ്‌ വീണത്‌ തിരിച്ചടിയായി. 180 റണ്‍സാണ്‌ പ്രതീക്ഷിച്ചത്‌. 164 റണ്‍സ്‌ പോരായിരുന്നു. അതുകൊണ്ട്‌ ജയം മുംബൈ അര്‍ഹിച്ചതാണെന്നും ആര്‍സിബി കോച്ച്‌ പറഞ്ഞു.

60 പന്തില്‍ നിന്ന്‌ ജയിക്കാന്‍ 100 റണ്‍സ്‌ എന്ന നിലയിലേക്ക്‌ അവരെ എത്തിക്കാനായിരുന്നു. എന്നാല്‍ ബാറ്റിങ്ങിലേത്‌ പോലെ ബൗളിങ്ങിലും ലഭിച്ച തുടക്കവും അവസരവും മുതലെടുക്കാനായില്ല. മൂന്നാം വിക്കറ്റ്‌ വീണതിന്‌ ശേഷം വന്ന ഓവറില്‍ ഞങ്ങള്‍ റണ്‍സ്‌ വഴങ്ങി. ഇതാണ്‌ കളിയിലേക്ക്‌ തിരികെ എത്താന്‍ മുംബൈയെ സഹായിച്ചത്‌ എന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com