അടുത്ത മെസിയെന്ന് ഉറപ്പിച്ച് അന്‍സു ഫാറ്റി, കണക്കുകള്‍ നോക്കിയാലും സാമ്യം

2019 ഓഗസ്റ്റ് 25ന് റയല്‍ ബെറ്റിസിനെതിരെ 78ാം മിനിറ്റില്‍ കളത്തിലിറങ്ങിയാണ് ബാഴ്‌സക്ക് വേണ്ടിയുള്ള ഫറ്റിയുടെ അരങ്ങേറ്റം
അടുത്ത മെസിയെന്ന് ഉറപ്പിച്ച് അന്‍സു ഫാറ്റി, കണക്കുകള്‍ നോക്കിയാലും സാമ്യം

യുവേഫ നേഷന്‍സ് ലീഗില്‍ ഉക്രെയ്‌നെ എതിരില്ലാത്ത നാല് ഗോളിന് സ്‌പെയ്ന്‍ തകര്‍ത്ത കളിയില്‍ ബാഴ്‌സയുടെ കൗമാര താരം അന്‍സു ഫാറ്റി ചരിത്രമെഴുതിയിരുന്നു. പ്രായം 17 വര്‍ഷവും 311 ദിവസവും പിന്നിട്ടപ്പോള്‍ സ്‌പെയ്‌നിന് വേണ്ടി ഗോള്‍ വല കുലുക്കി 95 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ആണ് അന്‍സു തിരുത്തി എഴുതിയത്. ഇതോടെ ബാഴ്‌സയുടെ ഭാവി താരം എന്ന നിലയിലെ വിലയിരുത്തലുകളും ശക്തമായി. 

ബാഴ്‌സയുടെ എക്കാലത്തേയും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍. ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍. ഒരു മത്സരത്തില്‍ തന്നെ രണ്ട് വട്ടം ഗോള്‍ വല കുലുക്കുന്ന ലാ ലീഗയിലെ ഏറ്റവും പ്രായം കുറഞ്ഞ താരം, മെസിയെ കുറിച്ചാണ് ഈ പറഞ്ഞു വരുന്നത് എന്ന് സംശയിച്ചേക്കാം. പക്ഷേ ബാഴ്‌സയുടെ 17കാരന്‍ അന്‍സു ഫാറ്റിയാണ് ഇവിടെ താരം. 

ബയേണിനോട് 8-2ന് ചാമ്പ്യന്‍സ് ലീഗില്‍ തോറ്റ് നില്‍ക്കുമ്പോഴും അന്‍സു ഫാറ്റി തിളങ്ങി തന്നെ നിന്നു. 2019 ഓഗസ്റ്റ് 25ന് റയല്‍ ബെറ്റിസിനെതിരെ 78ാം മിനിറ്റില്‍ കളത്തിലിറങ്ങിയാണ് ബാഴ്‌സക്ക് വേണ്ടിയുള്ള ഫറ്റിയുടെ അരങ്ങേറ്റം. അരങ്ങേറ്റം കുറിച്ച് ആറ് ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴേക്കും ഒസാസുനക്കെതിരെ 2-2ന് സമനില വഴങ്ങിയ കളിയില്‍ അന്‍സു ഫറ്റിയുടെ ഗോള്‍. 

രൂപത്തിലെ വലിപ്പക്കുറവിന്റെ നെഗറ്റീവുകള്‍ മാറ്റിവെച്ച് ഹെഡറിലൂടെ വല കുലുക്കുകയായിരുന്നു അന്‍സു ഫാറ്റി അവിടെ. 17 വയസ് പിന്നിട്ട് 40 ദിവസം കഴിഞ്ഞപ്പോഴേക്കും ചാമ്പ്യന്‍സ് ലീഗില്‍ ഇന്ററിനെതിരെ 2019 ഡിസംബര്‍ 10ന് ഫാറ്റിയുടെ ഗോളെത്തി, റെക്കോര്‍ഡും. സുവാരസിനൊപ്പം വണ്‍-ടു കളിച്ച് എത്തിയായിരുന്നു ഇന്ററിനെതിരെ 2-1ന് ജയിച്ചു കയറിയ കളിയില്‍ ഫാറ്റിയുടെ ഗോള്‍ വന്നത്. 

17 വയസ് പിന്നിട്ട് 331 ദിവസത്തിന് ശേഷമാണ് ബാഴ്‌സയ്ക്ക് വേണ്ടി ലാ ലീഗയില്‍ മെസിയുടെ ആദ്യ ഗോള്‍ എത്തുന്നത്. 2005 മെയ് 1ന് റൊണാള്‍ഡിഞ്ഞോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു അത്. ചാമ്പ്യന്‍സ് ലീഗില്‍ മെസിയുടെ ആദ്യ ഗോള്‍ വരുന്നത് 2005 നവംബര്‍ രണ്ടിനും. ബാഴ്‌സയില്‍ തന്റെ കാലഘട്ടം കഴിഞ്ഞതായും, യുവതാരങ്ങള്‍ക്കാണ് ഇനി പ്രാധാന്യം നല്‍കേണ്ടതെന്നും ബാഴ്‌സയില്‍ തുടരാനുള്ള തീരുമാനം പ്രഖ്യാപിച്ച് മെസി പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com