ഇഷ്ടപ്പെട്ട വിസ്‌കി സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സ്, ബാഗില്‍ കുപ്പിയുണ്ടാവും, മൈക്രോവേവും; വിദേശ പര്യടനങ്ങളിലെ 'സാംപ സ്റ്റൈല്‍'

'പാറ്റ് കമിന്‍സും, മിച്ചല്‍ സ്റ്റാര്‍ക്കും ഇത് ആസ്വദിക്കാന്‍ തുടങ്ങി. മറ്റ് ചിലരും ഇതിലേക്ക് എത്തുന്നു'
ഇഷ്ടപ്പെട്ട വിസ്‌കി സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സ്, ബാഗില്‍ കുപ്പിയുണ്ടാവും, മൈക്രോവേവും; വിദേശ പര്യടനങ്ങളിലെ 'സാംപ സ്റ്റൈല്‍'

സതാംപ്ടണ്‍: കെയിന്‍ റിച്ചാര്‍ഡ്‌സന്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറിയതോടെയാണ് കുട്ടി ക്രിക്കറ്റ് പൂരത്തിലേക്ക് ആദം സാംപയ്ക്ക് വിളിയെത്തിയത്. നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിലുള്ള സാംപ വിസ്‌കിയോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തിയാണ് ആരാധകര്‍ക്ക് മുന്‍പിലേക്ക് വരുന്നത്. 

വിദേശ പര്യടനങ്ങള്‍ക്കായി പോവുന്ന സമയം ഏതാനും കുപ്പി വിസ്‌കി ഞാന്‍ കയ്യില്‍ കരുതും. ടീമിലെ ഏതാനും പേര്‍ കൂടി ഇങ്ങനെ ചെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് വിസ്‌കി ക്ലബ് ഉണ്ട്. രാത്രിയില്‍ പല കുപ്പികളുമായി ആളുകളെത്തും. ചിലര്‍ക്ക് ജാപ്പനീസ് ആണ് ഇഷ്ടം. എനിക്ക് സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സ് ആണ് പ്രിയം. പാറ്റ് കമിന്‍സും, മിച്ചല്‍ സ്റ്റാര്‍ക്കും ഇത് ആസ്വദിക്കാന്‍ തുടങ്ങി. മറ്റ് ചിലരും ഇതിലേക്ക് എത്തുന്നു, ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സാംപ പറഞ്ഞു. 

സ്റ്റൊയ്‌നിസ്, കെയിന്‍ റിച്ചാര്‍ഡ്‌സന്‍, അലക്‌സ് കെയ്‌റേ എന്നിവരാണ് അടിക്കടി വരുന്ന അതിഥികള്‍. എല്ലാവരും എന്റെ നല്ല സുഹൃത്തുക്കളാണ്. എല്ലാവര്‍ക്കും സ്വാഗതം. വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് ഞാന്‍ കഴിക്കുക. അത് എന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ഒന്നുമല്ല. മൃഗങ്ങളോടുള്ള സ്‌നേഹം കാരണമാണ് മാംസ ഭക്ഷണം കഴിക്കാത്തത്.

മൂന്ന് ടി ഷര്‍ട്ടും, രണ്ട് പാന്റ്‌സും മാത്രമാണ് ഞാന്‍ കൊണ്ടുവന്നത്. ഇതിലൂടെ എന്റെ എല്ലാ ഭക്ഷണങ്ങളും, മറ്റ് സാധനങ്ങളും വിദേശപര്യടനങ്ങള്‍ക്ക് പോവുമ്പോള്‍ കൊണ്ടുപോവാന്‍ എനിക്കാവുന്നു. മൈക്രോവേവും, ആപ്പിള്‍ സൈഡറും, ന്യൂട്രീഷ്ണല്‍ ഈസ്റ്റ്, പാക്കറ്റ് മാക്, വേഗന്‍ ചീസ്, ചീസ്, എന്റെ പ്രിയപ്പെട്ട ഗ്ലാസുകള്‍ എന്നിവയെല്ലാം ബാഗിലുണ്ടാവും, സാംപ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com