എംബാപ്പെയ്ക്ക് കോവിഡ്, ക്രൊയേഷ്യക്കെതിരെ കളിക്കില്ല; പിഎസ്ജിക്കും കനത്ത പ്രഹരം

സ്വീഡനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ഫ്രാന്‍സ് ജയിച്ചു കയറിയ മത്സരത്തില്‍ എംബാപ്പെ കളിച്ചിരുന്നു
എംബാപ്പെയ്ക്ക് കോവിഡ്, ക്രൊയേഷ്യക്കെതിരെ കളിക്കില്ല; പിഎസ്ജിക്കും കനത്ത പ്രഹരം

പാരീസ്: പിഎസ്ജി താരം എംബാപ്പെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ എംബാപ്പെ ഇല്ലാതെയാവും ഫ്രാന്‍സ് ഇറങ്ങുക. ക്രൊയേഷ്യക്കെതിരെ മുന്നേറ്റ നിരയില്‍ വിസാം ബെന്നി, മാര്‍ഷ്യല്‍, എംബാപ്പെ സഖ്യത്തെ ഇറക്കാമെന്ന ഫ്രാന്‍സിന്റെ കണക്കു കൂട്ടല്‍ ഇതോടെ തെറ്റി. 

സ്വീഡനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ഫ്രാന്‍സ് ജയിച്ചു കയറിയ മത്സരത്തില്‍ എംബാപ്പെ കളിച്ചിരുന്നു. അവിടെ വിജയ ഗോള്‍ പിറന്നതും എംബപ്പെയില്‍ നിന്നാണ്. തിങ്കളാഴ്ച രാവിലെ യുവേഫ നടത്തിയ പരിശോധനയിലാണ് എംബാപ്പെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നും, പോസിറ്റീവ് ഫലം വന്നതിന് പിന്നാലെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയതായും ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി.

കോവിഡ് പോസിറ്റീവാകുന്ന നാലാമത്തെ ഫ്രഞ്ച് താരമാണ് എംബാപ്പെ. ലീഗ് വണ്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ പിഎസ്ജിക്ക് കനത്ത തിരിച്ചടിയായാണ് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ, നെയ്മര്‍, മാര്‍ക്വിനോസ്, കെയ്‌ലര്‍ നവാസ്, എയ്ഞ്ചല്‍ ഡി മരിയ, മൗറോ ഇക്കാര്‍ഡി, ലിയാന്‍ഡ്രോ പരെഡെസ് എന്നീ കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

കോവിഡ് സ്ഥിരീകരിച്ചതോടെ പിഎസ്ജിയുടെ ലീഗിലെ ആദ്യ നാല് മത്സരങ്ങള്‍ എംബാപ്പെയ്ക്ക് നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്. ലെന്‍സിനെതിരെയാണ് പിഎസ്ജിയുടെ സീസണിലെ ആദ്യ മത്സരം. ഇതില്‍ നെയ്മര്‍ക്കും, ഡി മരിയക്കും എംബാപ്പെയ്ക്കും കളിക്കാനാവാത്തത് പിഎസ്ജിക്ക് വലിയ തിരിച്ചടിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com