പുറത്തിരുന്ന് വിമര്‍ശിച്ചത് മതി, അക്തറെ പാക് ടീമിന്റെ ചീഫ് സെലക്ടറാക്കാന്‍ പിസിബി

പ്രധാനപ്പെട്ട ചുമതല ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് അക്തര്‍ പറഞ്ഞു
പുറത്തിരുന്ന് വിമര്‍ശിച്ചത് മതി, അക്തറെ പാക് ടീമിന്റെ ചീഫ് സെലക്ടറാക്കാന്‍ പിസിബി

ലാഹോര്‍: മുന്‍ പേസര്‍ ഷുഐബ് അക്തര്‍ പാക് ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായേക്കുമെന്ന് സൂചന. പ്രധാനപ്പെട്ട ചുമതല ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് അക്തര്‍ പറഞ്ഞു. 

നിലവില്‍ ചീഫ് സെലക്ടര്‍, മുഖ്യ പരിശീലകന്‍ എന്നീ ചുമതലകള്‍ വഹിക്കുന്നത് മിസ്ബാ ഉള്‍ ഹഖാണ്. ചീഫ് സെലക്ടറുടെ പദവി മിസ്ബായില്‍ നിന്ന് മാറ്റി അക്തറിലേക്ക് നല്‍കാനാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ആലോചന എന്നാണ് സൂചന. 

2019 ലോകകപ്പില്‍ പാകിസ്ഥാന് സെമിയിലേക്ക് കടക്കാന്‍ കഴിയാതെ വന്നതോടെ നടത്തിയ അഴിച്ചു പണിയിലാണ് മിസ്ബായ്ക്ക് പ്രധാന ചുമതലകള്‍ നല്‍കിയത്. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തിലുള്‍പ്പെടെ മികവ് കാണിക്കാന്‍ പാക് ടീമിനാവാതെ വന്നതോടെ മിസ്ബാക്കെതിരെ വിമര്‍ശനം ശക്തമായിരുന്നു.

തൃപ്തികരമായ ജീവിതമാണ് ഞാനിപ്പോള്‍ നയിക്കുന്നത്. എന്നാല്‍ ഈ കംഫേര്‍ട്ട് സോണില്‍ നിന്ന് പുറത്ത് വന്ന് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. അവസരം വന്നാല്‍ ഞാന്‍ മുന്‍പോട്ട് വരും. ചില ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. കൂടുതലൊന്നും ഇപ്പോള്‍ പറയാനാവില്ല. ഞാനോ, പിസിബിയോ ഇതുവരെ സമ്മതം മൂളിയിട്ടില്ലെന്നും അക്തര്‍ പറഞ്ഞു.

എനിക്ക് ഇപ്പോള്‍ ഒരു ജോലിയുടേയോ പ്രതിഫലത്തിന്റേയോ ആവശ്യമില്ല. പണമല്ല ഇങ്ങനെ ഒരു ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ എന്റെ ലക്ഷ്യം. ലോക ക്രിക്കറ്റില്‍ ആധിപത്യം സൃഷ്ടിക്കാന്‍ പാകത്തില്‍ കളിക്കാരെ വളര്‍ത്തി എടുക്കാനാണ് ശ്രമിക്കുക. ഭയമില്ലാതെ ആക്രമിച്ച് കളിക്കുന്ന ബ്രാന്‍ഡായി പാക് ക്രിക്കറ്റിനെ വളര്‍ത്തുകയാണ് ലക്ഷ്യമെന്നും അക്തര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com