ചരിത്രമെഴുതി ഡൊമിനിക്ക് തീം; യുഎസ് ഓപണ്‍ കിരീടത്തില്‍ മുത്തം; മൂന്ന് ഫൈനല്‍ തോല്‍വികള്‍ക്ക് ഒടുവില്‍ കന്നി ഗ്രാന്‍ഡ്സ്ലാം

ചരിത്രമെഴുതി ഡൊമിനിക്ക് തീം; യുഎസ് ഓപണ്‍ കിരീടത്തില്‍ മുത്തം; മൂന്ന് ഫൈനല്‍ തോല്‍വികള്‍ക്ക് ഒടുവില്‍ കന്നി ഗ്രാന്‍ഡ്സ്ലാം
ചരിത്രമെഴുതി ഡൊമിനിക്ക് തീം; യുഎസ് ഓപണ്‍ കിരീടത്തില്‍ മുത്തം; മൂന്ന് ഫൈനല്‍ തോല്‍വികള്‍ക്ക് ഒടുവില്‍ കന്നി ഗ്രാന്‍ഡ്സ്ലാം

ന്യൂയോര്‍ക്ക്: മൂന്ന് ഗ്രാന്‍ഡ് സ്ലാം ഫൈനലുകളിലെ തോല്‍വികള്‍ക്കൊടുവില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക്ക് തീം തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ടു. ഈ വര്‍ഷത്തെ യുഎസ് ഓപണ്‍ പുരുഷ സിംഗിള്‍സ് ടെന്നീസ് കിരീടം തീം സ്വന്തമാക്കി. 

ഇടവേളയ്ക്ക് ശേഷമാണ് റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ദ്യോക്കോവിച് ബിഗ് ത്രീ അല്ലാത്ത ഒരാള്‍ യുഎസ് ഓപണ്‍ കിരീടം സ്വന്തമാക്കുന്നത്. യുഎസ് ഓപണ്‍ സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ഓസ്ട്രിയന്‍ താരമെന്ന പെരുമയും ഇനി തീമിന് സ്വന്തം. തീര്‍ന്നില്ല തീമിന്റെ നേട്ടം. ആദ്യ രണ്ട് സെറ്റ് കൈവിട്ട ശേഷം മൂന്ന് സെറ്റുകളില്‍ വിജയം സ്വന്തമാക്കി ചാമ്പ്യനാകുന്ന ഓപണ്‍ ഇറയിലെ ആദ്യ താരമായും തീം മാറി. 

ഫൈനലില്‍ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കീഴടക്കിയാണ് തീമിന്റെ മുന്നേറ്റം. ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായ ശേഷമാണ് തീമിന്റെ നാടകീയ തിരച്ചുവരവ്. സ്‌കോര്‍: 2-6, 4-6, 6-4, 6-3, 7-6 (8-6). അഞ്ചാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടെങ്കിലും മനഃസാന്നിധ്യം കൈവിടാതെയാണ് 27കാരനായ ഓസ്ട്രിയന്‍ താരം തന്റെ കന്നി ഗ്രാന്‍ഡ്സ്ലാമില്‍ മുത്തമിട്ടത്. സ്വരേവിന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലായിരുന്നു ഇത്. 

ഈ വര്‍ഷം ആദ്യ ഓസ്‌ട്രേലിയന്‍ ഓപണിന്റെ ഫൈനലിലെത്തിയ തീം നേരത്തെ രണ്ട് തവണ ഫ്രഞ്ച് ഓപണിന്റെ ഫൈനലിലും കടന്നിരുന്നു. 2018, 19 വര്‍ഷങ്ങളില്‍ നദാലിന് മുന്നില്‍ കീഴടങ്ങിയ തീം ഓസ്‌ട്രേലിയന്‍ ഓപണില്‍ ദ്യോക്കോവിചിന് മുന്നിലാണ് അടിയറവ് പറഞ്ഞത്. കരിയറില്‍ ആദ്യമായാണ് തീം യുഎസ് ഓപണിന്റെ ഫൈനലില്‍ കടന്നത്. അത് കിരീട നേട്ടത്തിലെത്തിക്കാന്‍ താരത്തിന് സാധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com