2013ലെ ആര്‍സിബിയുടെ വെടിക്കെട്ട് ഓര്‍മയുണ്ടോ? 2017ലെ മുംബൈയുടെ പടുകൂറ്റന്‍ ജയമോ? അത്ഭുതപ്പെടുത്തുന്ന ഐപിഎല്‍ കണക്കുകള്‍

ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടുണ്ട് പല ഐപിഎല്‍ മത്സരങ്ങളും കളിക്കാരും.. ഐപിഎല്‍ ചരിത്രത്തിലെ ആരാധകരെ ആവേശത്തിലാക്കുന്ന കണക്കുകള്‍...
2013ലെ ആര്‍സിബിയുടെ വെടിക്കെട്ട് ഓര്‍മയുണ്ടോ? 2017ലെ മുംബൈയുടെ പടുകൂറ്റന്‍ ജയമോ? അത്ഭുതപ്പെടുത്തുന്ന ഐപിഎല്‍ കണക്കുകള്‍


കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഐപിഎല്ലിന്റെ ആരവം ഉയരുന്നത്. ജീവിതം സാധാരണ നിലയിലാവുന്നു എന്ന തോന്നല്‍ നല്‍കാന്‍ ഐപിഎല്ലിന് സാധിച്ചേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

കുട്ടിക്രിക്കറ്റ് പൂരത്തിന് ആരവം ഉയരാന്‍ മണിക്കൂറുകള്‍ മാത്രമാണുള്ളത്...ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടുണ്ട് പല ഐപിഎല്‍ മത്സരങ്ങളും കളിക്കാരും.. ഐപിഎല്‍ ചരിത്രത്തിലെ ആരാധകരെ ആവേശത്തിലാക്കുന്ന കണക്കുകള്‍...

കൂറ്റന്‍ സ്‌കോറുകളിലൂടെ ആര്‍സിബി

ടീമുകളുടെ റെക്കോര്‍ഡിലേക്ക് വരുമ്പോള്‍ ഐപിഎല്ലിലെ കൂറ്റന്‍ സ്‌കോറുകള്‍ കോഹ് ലിയുടെ ബാംഗ്ലൂരിന്റെ പേരിലാണ്. 263-5, 248-3 എന്നിങ്ങനെ രണ്ട് വട്ടമാണ് ബാംഗ്ലൂര്‍ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. പുനെ വാരിയേഴ്‌സിനും, ഗുജറാത്ത് ലയേണ്‍സിനും എതിരെയായിരുന്നു അത്. 2013ലും 2016ലുമായിരുന്നു റണ്‍മല കയറിയ ബാംഗ്ലൂരിന്റ വെടിക്കെട്ട്. 

കൂറ്റന്‍ സ്‌കോറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് രണ്ടാമത്. 2010ല്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരെ 246-5 എന്ന സ്‌കോറാണ് ചെന്നൈ കണ്ടെത്തിയത്. ഏറ്റവും കുറഞ്ഞ ടോട്ടലിലേക്ക് എത്തുമ്പോഴും ബാംഗ്ലൂരാണ് ഒന്നാമത്. 2017ല്‍ ബാംഗ്ലൂരിനെ കൊല്‍ക്കത്ത 49 റണ്‍സിന് ഓള്‍ഔട്ടാക്കിയിരുന്നു. 58, 66 എന്നീ സ്‌കോറുകളോടെ രാജസ്ഥാന്‍ റോയല്‍സും, ഡല്‍ഹിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 

വലിയ മാര്‍ജിന്‍ ജയങ്ങളുടെ പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് ആണ് ഒന്നാമത്. 2017ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ 146 റണ്‍സിന്റെ ജയമാണ് മുംബൈ നേടിയത്. 144, 140 റണ്‍സ് ജയത്തോടെ ആര്‍സിബിയും കൊല്‍ക്കത്തയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 

സൂപ്പര്‍ ഓവര്‍ പോര്

എട്ട് മത്സരങ്ങളാണ് ഐപിഎല്ലില്‍ സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. ഇതില്‍ മൂന്നിലും കൊല്‍ക്കത്ത ഭാഗമായിരുന്നു. 2 സൂപ്പര്‍ ഓവര്‍ പോരുകളില്‍ രാജസ്ഥാന്‍ റോയല്‍സ് ജയം പിടിച്ചു. ഐപിഎല്‍ 2020ല്‍ കളിക്കുന്ന എട്ട് ടീമുകളും സൂപ്പര്‍ ഓവര്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നില്‍ പോലും ജയം നേടാനാവാതെ പോയത് ചെന്നൈക്കും കൊല്‍ക്കത്തക്കും. 

എക്‌സ്ട്രാസിലെ പിഴവ്

എക്‌സ്ട്രാ റണ്‍സുകള്‍ വിട്ടുകൊടുക്കുന്നതിലെ റെക്കോര്‍ഡ് കൊല്‍ക്കത്തയുടെ പേരിലാണ്. 2008ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന് 28 എക്‌സ്ട്രാ റണ്‍സ് ആണ് കൊല്‍ക്കത്തയില്‍ നിന്ന് ലഭിച്ചത്. 27 എക്‌സ്ട്രാ റണ്‍സ് വിട്ടുകൊടുത്ത് കിങ്‌സ് ഇലവനും, 26 എക്‌സ്ട്രാ റണ്‍സ് വഴങ്ങി ചെന്നൈയുമാണ് ലിസ്റ്റില്‍ പിന്നെയുള്ളവര്‍. 

ബാറ്റിങ് പൂരത്തിലെ കൊമ്പന്മാര്‍

ഐപിഎല്ലിന്റെ ചരിത്രത്തില്‍ റണ്‍വേട്ടയില്‍ മുന്‍പില്‍ കോഹ് ലിയാണ്. 12 സീസണുകളില്‍ നിന്ന് 5412 റണ്‍സ് ആണ് കോഹ് ലി നേടിയത്. സുരേഷ് റെയ്‌നയാണ് രണ്ടാമത്(5368). മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് മൂന്നാമത്(4898). 

സിക്‌സുകളുടെ രാജാവ്

326 സിക്‌സുകളോടെ ബഹുദൂരം മുന്‍പിലാണ് ക്രിസ് ഗെയ്ല്‍. 212 സിക്‌സുകളോടെ രണ്ടാമത് ഡിവില്ലിയേഴ്‌സും, 209 സിക്‌സുകളോടെ ധോനി മൂന്നാമതുമാണ്. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഗെയ്‌ലിന്റെ പേരിലാണ്. 66 പന്തില്‍ നിന്ന് 175 റണ്‍സ് ആണ് ഗെയ്ല്‍ 2013ല്‍ പുനെ വാരിയേഴ്‌സിനെതിരെ അടിച്ചെടുത്തത്. ഐപിഎല്ലിലെ വേഗതയേറിയ സെഞ്ചുറിയുമാണിത്. 

ഉയര്‍ന്ന സ്‌കോറില്‍ ബ്രണ്ടന്‍ മക്കല്ലം(158), ഡിവില്ലിയേഴ്‌സ്(133) എന്നിവരാണ് ഗെയ്‌ലിന് പിന്നിലുള്ളവര്‍. ഗെയ്‌ലിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍(6). അഞ്ച് സെഞ്ചുറികളോടെ കോഹ് ലിയും, നാല് സെഞ്ചുറിയോടെ വാര്‍ണറുമാണ് പിന്നിലുള്ളത്. 44 അര്‍ധ ശതകങ്ങളാണ് വാര്‍ണര്‍ ഐപിഎല്ലില്‍ നേടിയത്. 

ഐപിഎല്ലിലെ വേഗമേറിയ അര്‍ധ ശതകം കെ എല്‍ രാഹുലിന്റെ പേരിലാണ്. 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നേടിയ 14 പന്തില്‍ 51 റണ്‍സ്. 15 പന്തില്‍ 50 പിന്നിട്ട കൊല്‍ക്കത്തയുടെ യൂസഫ് പഠാനും, സുനില്‍ നരെയ്‌നുമാണ് രണ്ടാം സ്ഥാനത്തുള്ളവര്‍. 

പന്തില്‍ തന്ത്രം ഒളിപ്പിച്ചെത്തിയ ബൗളര്‍മാര്‍ 

122 മത്സരങ്ങളില്‍ നിന്ന് 170 വിക്കറ്റ് വീഴ്ത്തി മലിംഗയാണ് ഐപിഎല്ലിലെ വിക്കറ്റ് വേട്ടയില്‍ മുന്‍പിലുള്ള ബൗളര്‍. 19.8 എന്ന ശരാശരിയില്‍ 7.14 ആണ് മലിംഗയുടെ ഇക്കണോമി. 157 വിക്കറ്റോടെ അമിത് മിശ്ര, 150 വിക്കറ്റോടെ ഹര്‍ഭജന്‍ സിങ് എന്നിവരാണ് ലിസ്റ്റില്‍ പിന്നെയുള്ളവര്‍. 

ഐപിഎല്ലിലെ മികച്ച ബൗളിങ് ഫിഗര്‍ മുംബൈയുടെ അല്‍സാരി ജോസഫിന്റെ പേരിലാണ്. 3.4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റാണ് അല്‍സാരി ജോസഫ് വീഴ്ത്തിയത്. 14 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സൊഹെയ്ല്‍ തന്‍വീര്‍, 19 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ആദം സാംപ എന്നിവരാണ് ലിസ്റ്റില്‍ പിന്നെയുള്ളവര്‍. 

അമിത് മിശ്രയാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വട്ടം ഹാട്രിക് തികച്ചത്. 147 മത്സരങ്ങള്‍ കളിച്ച അമിത് മിശ്ര മൂന്ന് വട്ടം ഹാട്രിക് നേട്ടത്തിലേക്ക് എത്തി. രണ്ട് ഹാട്രിക്കോടെ യുവിയും ഒരു ഹാട്രിക് നേട്ടത്തോടെ സാം കറാനുമാണ് അമിത് മിശ്രയ്ക്ക് പിന്നിലുള്ളവര്‍. 

ഏറ്റവും കൂടുതല്‍ തവണ നാല് വിക്കറ്റ് നേട്ടം കൊയ്തത് കൊല്‍ക്കത്തയുടെ സുനില്‍ നരെയ്‌നാണ്. ആറ് വട്ടം നാല് വിക്കറ്റോ, അതില്‍ അധികമോ നരെയ്ന്‍ വീഴ്ത്തി. ഇക്കണോമി് 6.67. 7.14 എന്ന ഇക്കണോമിയില്‍ മലിംഗയും നാല് വിക്കറ്റോ അതില്‍ കൂടുതലോ ആറ് വട്ടം നേടി. 14 മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ പ്രവീണ്‍ കുമാറാണ് മെയ്ഡന്‍ ഓവറുകളില്‍ ഒന്നാമതുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com