രാഹുൽ തകർത്തുവാരിയപ്പോൾ ബം​ഗളൂരു തകർന്നടിഞ്ഞു; പഞ്ചാബിന് 97 റൺസിന്റെ ജയം 

പഞ്ചാബ് താരങ്ങൾ നിറഞ്ഞാടിയപ്പോൾ ദയനീയ പരാജയത്തിലേക്കാണ് കോഹ്ലിയുടെ ബം​ഗളൂരു പട കൂപ്പുകുത്തിയത്
രാഹുൽ തകർത്തുവാരിയപ്പോൾ ബം​ഗളൂരു തകർന്നടിഞ്ഞു; പഞ്ചാബിന് 97 റൺസിന്റെ ജയം 

ദുബായ്: ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്‌സിനെതിരെ 97 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി കിങ്‌സ് ഇലവൻ പഞ്ചാബ്. പഞ്ചാബ് ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ 17 ഓവറിൽ 109 റൺസിന് ഓൾഔട്ടായി. ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ കരുത്തിൽ 13-ാം സീസണിലെ ആദ്യ സെഞ്ചറി പ്രകടനം കണ്ട മത്സരത്തിൽ പഞ്ചാബ് താരങ്ങൾ നിറഞ്ഞാടിയപ്പോൾ ദയനീയ പരാജയത്തിലേക്കാണ് കോഹ്ലിയുടെ ബം​ഗളൂരു പട കൂപ്പുകുത്തിയത്. 

ടോസ് നേടിയ കൊഹ്ലിയും സംഘവും പഞ്ചാബിനെ ബാറ്റിങ്ങിന് അയച്ചു. 207 റൺസ് വിജയലക്ഷ്യത്തിനായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ദേവദത്ത് പടിക്കൽ (1), ജോഷ് ഫിലിപ്പ് (0), വിരാട് കോലി (1) എന്നിവർ ഒന്നിനുപുറകെ ഒന്നായി ക്രീസ് വിട്ടപ്പോൾ 2.4 ഓവറിൽ നാല് റൺസിന് മൂന്നു വിക്കറ്റെന്ന പരിതാപകരമായ നിലയിലായി ബം​ഗളൂരു. 

ആരോൺ ഫിഞ്ച് - എ ബി ഡിവില്ലിയേഴ്സ് കൂട്ടുകെട്ട് സ്‌കോർ 53-ൽ എത്തിച്ചു. 20 റൺസെടുത്ത ഫിഞ്ചിനെ രവി ബിഷ്‌ണോയും 28 റൺസെടുത്ത ഡിവില്ലിയേഴ്‌സിനെ മുരുകൻ അശ്വിനും പുറത്താക്കിയതോടെ കളി പഞ്ചാബിന് അനുകൂലമായി. 30 റൺസെടുത്ത വാഷിങ്ടൺ സുന്ദറാണ് ബാംഗ്ലൂർ നിരയിലെ ടോപ് സ്‌കോറർ. 27 പന്തിൽ ഒരു സിക്‌സും രണ്ടു ഫോറുമടങ്ങുന്നതായിരുന്നു ഇന്നിം​ഗ്സ്. 

ശിവം ദുബെ (12), ഉമേഷ് യാദവ് (0), സെയ്‌നി (6), ചാഹൽ (1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം. ബൗളിങ്ങിൽ പഞ്ചാബ് താരങ്ങളായ രവി ബിഷ്‌ണോയും മുരുകൻ അശ്വിനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 206 റൺസെടുത്തത്. ഈ ഐപിഎൽ സീസണിലെ ആദ്യ ശതകം കിങ്‌സ് ഇലവൻ പഞ്ചാബ് നായകൻ കെഎൽ രാഹുലിന്റെ ബാറ്റിൽ നിന്ന് പിറന്നു. രണ്ട് തവണ പുറത്താകലിൽ നിന്ന് രക്ഷപ്പെട്ട രാഹുൽ 62 പന്തിൽ നിന്നാണ് സെഞ്ച്വറി അടിച്ചെടുത്തത്. വ്യക്തിഗത സ്‌കോർ 83ലും 89ലും നിൽക്കേയാണ് രാഹുലിന് ലൈഫ് കിട്ടിയത്. 69 പന്തിൽ 132 റൺസുമായി രാഹുൽ പുറത്താകാതെ നിന്നു. 14 ഫോറും ഏഴ് സിക്‌സും സഹിതമാണ് നായകന്റെ ഉജ്ജ്വല ഇന്നിങ്‌സ്. ഐപിഎൽ പോരാട്ടത്തിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന ഉയർന്ന വ്യക്തിഗത സ്‌കോറും രാഹുലിന്റെ പേരിലായി. 

മായങ്ക് അഗർവാൾ (26), നിക്കോളാസ് പൂരൻ  (17), ഗ്ലെൻ മാക്‌സ്‌വെൽ (അഞ്ച്) എന്നിങ്ങനെയാണ് പഞ്ചാബ് നിരയിലെ മറ്റ് താരങ്ങളുടെ പ്രകടനം. കരുൺ നായർ (15) പുറത്താകാതെ നിന്നു. അവസാന നാലോവറിൽ പഞ്ചാബ് അടിച്ചെടുത്തത് 74 റൺസാണ്. ‌ബാംഗ്ലൂരിനായി ശിവം ദുബെ രണ്ടും യുസ്‌വേന്ദ്ര ചഹൽ ഒരു വിക്കറ്റും വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com