ആദ്യ ജയം സ്വന്തമാക്കി കൊല്‍ക്കത്ത; ഹൈദരാബാദിനെതിരെ 7‌ വിക്കറ്റ് ജയം 

ശുഭ്മാന്‍ ഗിൽ - ഇയന്‍ മോര്‍​ഗൻ ഒന്നിച്ചുള്ള കൂട്ടുകെട്ടാണ് കൊല്‍ക്കത്ത ജയത്തിൽ നിർണ്ണായകമായത്
ആദ്യ ജയം സ്വന്തമാക്കി കൊല്‍ക്കത്ത; ഹൈദരാബാദിനെതിരെ 7‌ വിക്കറ്റ് ജയം 

അബുദാബി: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അനായാസ ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഹൈദരാബാദ് ഉയർത്തിയ 143 റണ്‍സ് എന്ന ലക്ഷ്യം പിന്തു‌ടർന്ന കൊല്‍ക്കത്ത18 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. എഴ് വിക്കറ്റിന് ജയം കൈപ്പിടിയിലൊതുക്കി.‌ ഈ സീസണിലെ കൊല്‍ക്കത്തയുടെ ആദ്യ ജയമാണിത്.

ശുഭ്മാന്‍ ഗിൽ - ഇയന്‍ മോര്‍​ഗൻ ഒന്നിച്ചുള്ള കൂട്ടുകെട്ടാണ് കൊല്‍ക്കത്ത ജയത്തിൽ നിർണ്ണായകമായത്. തുടക്കം തകര്‍ച്ചയോടെയായിരുന്ന കൊൽക്കത്തയുടെ തുടക്കം. ഓപ്പണര്‍ സുനില്‍ നരെയ്‌നിന്റെ വിക്കറ്റ് രണ്ടാം ഓവറില്‍ തന്നെ നഷ്ടപ്പെട്ടപ്പോൾ പിന്നീട് ഒത്തുചേര്‍ന്ന നിതീഷ് റാണയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് സ്കോർ ബോർഡ് ഉയർത്തി. എന്നാൽ അധികം വൈകാതെ റാണ പുറത്തായി. 13 പന്തുകളില്‍ നിന്നും 26 റണ്‍സാണ് റാണ നേടിയത്. കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിനും കാര്യമായി ഒന്നും ചെയ്യാനായില്ല. ഒരു റണ്‍സ് പോലും നേടാതെയാണ് ക്യാപ്റ്റന്‍ മടങ്ങിയത്.

മികച്ച പ്രകടനവുമായി ശുഭ്മാന്‍ ഗില്‍ കൊല്‍ക്കത്തയുടെ സ്‌കോര്‍ താഴാതെ കാത്തു. ഇംഗ്ലീഷ് താരം ഇയന്‍ മോര്‍​ഗൻ ശ്രദ്ധയോടെ ബാറ്റുവീശി. അവസരോചിതമായി കളിച്ച ഗില്ലും മോര്‍ഗനുമാണ് കൊല്‍ക്കത്തയ്ക്ക് അനായാസ വിജയം നേടിക്കൊടുത്തത്.ശുഭ്മാന്‍ ഗില്‍ 62 പന്തുകളില്‍ നിന്നും പുറത്താവാതെ 70 റണ്‍സ് നേടി. മോര്‍ഗന്‍ 29 പന്തുകളില്‍ നിന്നും പുറത്താവാതെ 42 റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 92 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

നോരത്തെ ടോസ് നേടി ആദ്യം ബാറ്റിങിന് ഇറങ്ങിയ സണ്‍റൈസേഴ്‌സിന്റെ പോരാട്ടം നാല് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സില്‍ അവസാനിച്ചു.  തുടക്കം മുതല്‍ കര്‍ശനമായി പന്തെറിഞ്ഞാണ് കൊല്‍ക്കത്ത ബൗളര്‍മാര്‍ ഹൈദരാബാദിനെ വലിയ സ്‌കോര്‍ നേടാന്‍ അനുവദിക്കാതിരുന്നത്. ഹൈദരാബാദിനായി മനീഷ് പാണ്ഡെ അര്‍ധ സെഞ്ച്വറി നേടി. 38 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം മനീഷ് 51 റണ്‍സെടുത്തു. 

ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 30 പന്തില്‍ 36 റണ്‍സും വൃദ്ധിമാന്‍ സാഹ 30 റണ്‍സെടുത്തും തിളങ്ങി. കൊല്‍ക്കത്തയ്ക്കായി പാറ്റ് കമ്മിന്‍സ്, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com