ഏപ്രില്‍ 2ന് ചെയ്തത് ഞങ്ങളുടെ ജോലി, അല്ലാതെ മഹാ കാര്യമൊന്നുമല്ല: ഗൗതം ഗംഭീര്‍

2011 ലോകകപ്പ് ഫൈനലില്‍ 97 റണ്‍സ് നേടിയിട്ടുണ്ടെങ്കില്‍ അവിടെ തന്റെ ജോലി നിറവേറ്റുക മാത്രമാണ് ചെയ്തത് എന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍
ഗൗതം ഗംഭീര്‍/ഫോട്ടോ: പിടിഐ
ഗൗതം ഗംഭീര്‍/ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: 2011 ലോകകപ്പ് ഫൈനലില്‍ 97 റണ്‍സ് നേടിയിട്ടുണ്ടെങ്കില്‍ അവിടെ തന്റെ ജോലി നിറവേറ്റുക മാത്രമാണ് ചെയ്തത് എന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. അസാധാരണമായി താന്‍ അവിടെ ഒന്നും ചെയ്തിട്ടില്ലെന്ന് ഗംഭീര്‍ പറഞ്ഞു. 

2011 ലോകകപ്പില്‍ എന്താണോ ഞങ്ങളുടെ കര്‍ത്തവ്യം അത് നിറവേറ്റുക മാത്രമാണ് ചെയ്തത്. ലോകകപ്പ് സംഘത്തിലേക്ക് നമ്മളെ തെരഞ്ഞെടുത്തത് ലോകകപ്പ് ജയിക്കാനായാണ്. ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ മത്സരിക്കാന്‍ മാത്രമായല്ല ഇറങ്ങുന്നത്. ജയിക്കാന്‍ വേണ്ടിയാണ് അവിടെ ഇറങ്ങുന്നത്, ഗംഭീര്‍ പറഞ്ഞു. 

എന്നെ സംബന്ധിച്ച് അവിടെ അതില്‍ കൂടുതല്‍ വൈകാരികമാവേണ്ടതില്ല കാര്യങ്ങള്‍. അസാധാരണമായ ഒന്നും നമ്മള്‍ ചെയ്തില്ല. രാജ്യത്തിന് അഭിമാനം നേടിക്കൊടുത്തു എന്നത് വാസ്തവമാണ്. ജനങ്ങള്‍ സന്തോഷിച്ചു. എന്നാല്‍ ഇത് അടുത്ത ലോകകപ്പിലേക്ക് നീങ്ങാനുള്ള സമയമാണ് എന്നും ഗംഭീര്‍ ചൂണ്ടിക്കാണിച്ചു. 

2015,2019 ലോകകപ്പുകളില്‍ ജയിച്ചെങ്കില്‍ ക്രിക്കറ്റ് ലോകത്തിലെ സൂപ്പര്‍ പവറായി ഇന്ത്യ മാറിയേനെ. ഇതിപ്പോള്‍ 10 വര്‍ഷമായി നമ്മള്‍ മറ്റൊരു ലോക കിരീടം ജയിച്ചിട്ട്. അതിനാലാണ് ഇത് വലിയ നേട്ടമാണ് എന്നത് പോലുള്ള വിലയിരുത്തലുകളോട് ഞാന്‍ യോജിക്കാത്തത്. ഞാന്‍ അവിടെ 97 റണ്‍സ് നേടിയെങ്കില്‍ ഞാന്‍ നേടേണ്ട റണ്‍സ് ആണ് അത്. വിക്കറ്റ് വീഴ്ത്തുകയാണ് സഹീര്‍ ഖാന്റെ ജോലി. 

എന്താണോ ഞങ്ങളുടെ ജോലി അതാണ് ഞങ്ങള്‍ അവിടെ ചെയ്തത്. ഏപ്രില്‍ 2ന് ഞങ്ങള്‍ ആര്‍ക്കും ഒരു ഉപകാരവും ചെയ്തതല്ല. 1983, 2011 എന്നിവയെ ഇത്രയും പ്രാധാന്യത്തോടെ ആളുകള്‍ കാണുന്നത് എന്തിനെന്ന് മനസിലാവുന്നില്ല. ആ നേട്ടത്തെ കുറിച്ച് സംസാരിക്കുന്നത് നല്ലതാണ്. നമ്മള്‍ ലോകകപ്പ് നേടി. എന്നാല്‍ പിന്നിലേക്ക് നോക്കുന്നതിന് പകരം മുന്‍പിലേക്ക് നോക്കുന്നതാണ് എല്ലായ്‌പ്പോഴും നല്ലത് എന്നും ഗംഭീര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com