'ആ നിമിഷത്തില്‍ മനസ് ശൂന്യമായിരുന്നു, എന്തു ചെയ്യണമെന്ന് അറിയാതെ ഞാന്‍ നിന്നു'- പിവി സിന്ധു

'ആ നിമിഷത്തില്‍ മനസ് ശൂന്യമായിരുന്നു, എന്തു ചെയ്യണമെന്ന് അറിയാതെ ഞാന്‍ നിന്നു'- പിവി സിന്ധു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: ചരിത്രമെഴുതിയാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഐക്കണ്‍ പിവി സിന്ധുവിന്റെ ടോക്യോയില്‍ നിന്നുള്ള മടക്കം. ഒളിംപിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ബഹുമതിയുമായാണ് സിന്ധു അഭിമാനമായി മാറിയത്. റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ സിന്ധു ടോക്യോയില്‍ സ്വര്‍ണം ലക്ഷ്യമിട്ടാണ് എത്തിയത്. എന്നാല്‍ സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ തായ് സു യിങിനോട് അപ്രതീക്ഷിതമായി തോല്‍വി വഴങ്ങി. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ചൈനയുടെ ഹി ബിങ് ജിയാവോയെ പരാജയപ്പെടുത്തി സിന്ധു മെഡല്‍ ഉറപ്പാക്കി തലയുയര്‍ത്തി നിന്നു. 

വെങ്കല മെഡല്‍ നേട്ടത്തോടെ രാജ്യത്തെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലാണ് ഇനി സിന്ധുവിന്റെ സ്ഥാനം. രണ്ട് ഒളംപിക് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവും മൊത്തം പട്ടികയില്‍ രണ്ടാം ഇന്ത്യന്‍ താരമായും സിന്ധു മാറി. ബാഡ്മിന്റണില്‍ രണ്ട് ഒളിംപിക് മെഡല്‍ നേടുന്ന ലോകത്തിലെ നാലാമത്തെ താരമായും സിന്ധു ഇതോടെ മാറി. 

ഇപ്പോഴിതാ വെങ്കല പോരാട്ടത്തില്‍ വിജയവും ഒപ്പം മെഡലും ഉറപ്പിച്ച നിമിഷത്തെക്കുറിച്ച് പറയുകയാണ് സിന്ധു. ആ ഘട്ടത്തില്‍ തന്റെ ഉള്ളം മുഴുവന്‍ സെക്കന്‍ഡുകളോളം ശൂന്യമായിരുന്നുവെന്ന് സിന്ധു പറയുന്നു. താന്‍ ആ നിമിഷത്തില്‍ സ്വന്തമാക്കിയ ചരിത്ര നേട്ടത്തിന്റെ വ്യാപ്തി തിരിച്ചറിയാന്‍ കുറച്ച് സമയമെടുത്തുവെന്നും നിലവിലെ ലോക ചാമ്പ്യയായ സിന്ധു പറയുന്നു. 

'ആ നിമിഷത്തില്‍ എന്റെ മനസ് ശൂന്യമായിരുന്നു. എന്റെ പരിശീലകന്‍ കണ്ണീരണിഞ്ഞു. ആ കാഴ്ച എന്നെ സംബന്ധിച്ച് വലിയ നിമിഷമായിരുന്നു. ഞാന്‍ അദ്ദേഹത്തെ ആലിംഗനം ചെയ്ത് നന്ദി പറഞ്ഞു. 5-6 സെക്കന്‍ഡുകള്‍ എന്തുചെയ്യണമെന്ന് അറിയാതെ ഞാന്‍ നിന്നു. എല്ലാ വികാരങ്ങളും മെല്ലെ എന്നിലേക്ക് വന്നു തുടങ്ങി. എനിക്ക് കരച്ചിലടക്കാന്‍ സാധിച്ചില്ല'- സിന്ധു പറഞ്ഞു. 

സെമി പരാജയത്തിന് ശേഷമുള്ള തന്റെ തിരിച്ചു വരവിന് അടിസ്ഥാനം പരിശീലകനായ ദക്ഷിണ കൊറിയക്കാരന്‍ പാര്‍ക്ക് ടായെ സങ് ആണെന്ന് സിന്ധു പറയുന്നു. 

'സെമിക്ക് ശേഷം, ഞാന്‍ ശരിക്കും ദുഃഖിതയായിരുന്നു. ഞാന്‍ കരഞ്ഞു. പക്ഷേ എന്റെ പരിശീലകന്‍ പറഞ്ഞു, ഈ പരാജയം ഒന്നിന്റേയും അവസാനമല്ല. നാലാം സ്ഥാനത്തിനും വെങ്കല മെഡലിനും ഇടയില്‍ ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ട് എന്ന്. ആ വാക്കുകള്‍ എന്റെ ഉള്ളില്‍ കൊണ്ടു'- സിന്ധു വ്യക്തമാക്കി.  

ഒളിംപിക്‌സിന് മുന്‍പ് പുല്ലേല ഗോപീചന്ദ് അക്കാദമിയില്‍ നിന്ന് മാറി പാര്‍ക്ക് ടായെ സങിന് കീഴില്‍ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്താന്‍ തീരുമാനിച്ചപ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. 

'എന്നാല്‍ ആ തീരുമാനം മികച്ചതാണെന്നാണ് ഞാനിപ്പോഴും കരുതുന്നത്. എനിക്ക് എന്റെ 100 ശതമാനം നല്‍കണം എന്ന മനോഭാവത്തോടെയാണ് ഞാന്‍ മാറിയത്'- സിന്ധു കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com