ഒടുവില്‍ തീരുമാനം മാറ്റി സിമോണ്‍ ബൈല്‍സ്; ബാലന്‍സ് ബീം ഫൈനലില്‍ മത്സരിക്കും; അമേരിക്കന്‍ ടീമിന് ആശ്വാസം

ഒടുവില്‍ തീരുമാനം മാറ്റി സിമോണ്‍ ബൈല്‍സ്; ബാലന്‍സ് ബീം ഫൈനലില്‍ മത്സരിക്കും; അമേരിക്കന്‍ ടീമിന് ആശ്വാസം
സിമോൺ ബൈൽസ്/ ഫെയ്സ്ബുക്ക്
സിമോൺ ബൈൽസ്/ ഫെയ്സ്ബുക്ക്

ടോക്യോ: ഒളിംപിക്‌സ് പോരാട്ടങ്ങളിലേക്ക് തിരിച്ചെത്താനുള്ള തീരുമാനവുമായി അമേരിക്കന്‍ ജിംനാസ്റ്റിക്‌സ് താരം സിമോണ്‍ ബൈല്‍സ്. മാനസിക ആരോഗ്യം ചൂണ്ടിക്കാട്ടി നാലില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് പിന്‍മാറിയ ബൈല്‍സ് അവസാന ഇനമായി ബീം ഫൈനലില്‍ മത്സരിക്കാനിറങ്ങുമെന്ന് വ്യക്തമാക്കി. താരം മത്സരിക്കാനിറങ്ങുമെന്ന് അമേരിക്കന്‍ ടീം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 

ബാലന്‍സ് ബീം ഫൈനലില്‍ അമേരിക്കയുടെ സുനി ലീ, സിമോണ്‍ ബൈല്‍സ് എന്നിവര്‍ മത്സരിക്കാനിറങ്ങും- ടീം വ്യക്തമാക്കി. താരത്തിന്റെ മടങ്ങി വരവ് അമേരിക്കന്‍ ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. 

നിലവില്‍ ജിംനാസ്റ്റിക്‌സിലെ ഏറ്റവും മികച്ച താരമായി കണക്കാക്കുന്ന ബൈല്‍സ് നേരത്തെ ടീം ഫൈനല്‍, ഓള്‍ എറൗണ്ട് മത്സരങ്ങളില്‍ നിന്നടക്കം നാലില്‍ മൂന്ന് ഫൈനലുകളില്‍ നിന്ന് പിന്‍മാറല്‍ പ്രഖ്യാപിച്ച് കായിക ലോകത്തെ ഞെട്ടിച്ചിരുന്നു. മാനസികാരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിന് വേണ്ടിയാണ് പിന്മാറ്റമെന്ന് പ്രഖ്യാപിച്ചായിരുന്നു താരത്തിന്റെ നാടകീയ നീക്കങ്ങള്‍. റിയോ ഒളിംപിക്‌സില്‍ സിമോണ്‍ സ്വര്‍ണം നേടിയ നാല് വിഭാഗങ്ങളില്‍ ഒന്ന് ഓള്‍ എറൗണ്ട് ആയിരുന്നു.  

ജിംനാസ്റ്റിക്‌സ് ടീം ഫൈനലില്‍ വോള്‍ട്ട് കഴിഞ്ഞതിന് പിന്നാലെയാണ് അസ്വസ്ഥതയോടെ സിമോണ്‍ തന്റെ പിന്മാറല്‍ പ്രഖ്യാപിച്ചത്. ലോകത്തിന്റെ ഭാരം മുഴുവന്‍ തന്റെ തോളിലാണെന്ന് തോന്നുന്നതായി സിമോണ്‍ പറഞ്ഞു. മാനസികാരോഗ്യത്തിന് മുന്‍തൂക്കം നല്‍കിയുള്ള സിമോണിന്റെ തീരുമാനത്തിന് വലിയ പിന്തുണയാണ് കായിക ലോകത്ത് നിന്ന് ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com