'വെങ്കലത്തിനായി കടുത്ത പോരാട്ടം നടത്തും, ഉറപ്പ്'; മന്‍ദിപിനോട്‌ സംസാരിച്ച് പ്രധാനമന്ത്രി 

വെങ്കലത്തിനായി കടുത്ത പോരാട്ടം നടത്തുമെന്ന് ഉറപ്പ് നല്‍കുകയാണ് സെമിയിലെ ഇന്ത്യയുടെ ഗോള്‍ സ്‌കോറര്‍ മന്‍ദിപ് സിങ്
ബെല്‍ജിയത്തിനെതിരായ സെമി ഫൈനലിന് ശേഷം ഇന്ത്യന്‍ ടീം/ഫോട്ടോ: പിടിഐ
ബെല്‍ജിയത്തിനെതിരായ സെമി ഫൈനലിന് ശേഷം ഇന്ത്യന്‍ ടീം/ഫോട്ടോ: പിടിഐ

ടോക്യോ: 49 വര്‍ഷത്തിന് ശേഷം ഒളിംപിക്‌സിന്റെ സെമി ഫൈനലിലെത്തിയെങ്കിലും ഇന്ത്യയുടെ പോരാട്ടം ടോക്യോയില്‍ അവസാന നാലില്‍ ഒതുങ്ങി. 2-5ന് ബെല്‍ജിയത്തിന് മുന്‍പില്‍ മുട്ടുമടക്കിയെങ്കിലും വെങ്കലത്തിനായി കടുത്ത പോരാട്ടം നടത്തുമെന്ന് ഉറപ്പ് നല്‍കുകയാണ് സെമിയിലെ ഇന്ത്യയുടെ ഗോള്‍ സ്‌കോറര്‍ മന്‍ദിപ് സിങ്. 

ഇന്ത്യക്ക് നിരാശാജനകമായ ദിവസമാണ് ഇന്ന്. എന്നാല്‍ പൂര്‍ണമായും തോറ്റതായി അംഗീകരിക്കുന്നില്ല. വെങ്കല മെഡല്‍ മുന്‍പിലുണ്ടെന്ന ചിന്ത ഞങ്ങള്‍ക്കുള്ളിലുണ്ട്. വളരെ പ്രധാനപ്പെട്ട മത്സരത്തിലാണ് തോല്‍വി നേരിട്ടത്. വലിയ തെറ്റുകള്‍ സംഭവിച്ചു, സര്‍ക്കിളിലും പെനാല്‍റ്റി കോര്‍ണറുകളിലും. എന്നാല്‍ വെങ്കല മെഡലിനായുള്ള മത്സരത്തില്‍ എല്ലാം നല്‍കി കളിക്കും, മന്‍ദീപ് സിങ് പറഞ്ഞു. 

ലോക ചാമ്പ്യന്‍ന്മാര്‍ക്കെതിരായ മത്സരം ഒരിക്കലും എളുപ്പമല്ല എന്നാണ് മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷ് പ്രതികരിച്ചത്. ഏതാനും അവസരങ്ങള്‍ നമുക്ക് നഷ്ടപ്പെട്ടു. അവിടെയാണ് മത്സരത്തിന്റെ ഗതി മാറിയത് എന്നും ശ്രീജേഷ് പറഞ്ഞു. 

മന്‍ദീപ് സിങ്ങിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യന്‍ ടീം മികവ് പുലര്‍ത്തിയതിനെ അദ്ദേഹം അഭിനന്ദിച്ചു. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യന്‍ സംഘത്തിന് അദ്ദേഹം ആശംസയും നേര്‍ന്നു. 

ഹാട്രിക് നേടിയ ടൂര്‍ണമെന്റിലെ ടോപ് ഗോള്‍ സ്‌കോറര്‍ അലക്‌സാണ്ടര്‍ ഹെന്റിക്‌സ് ആണ് ഇന്ത്യയുടെ പക്കല്‍ നിന്ന് മത്സരം തട്ടിയെടുത്തത്. ആദ്യ ക്വാര്‍ട്ടര്‍ കഴിയുമ്പോള്‍ 2-1ന് ലീഡ് എടുത്തിടത്ത് നിന്നാണ് മത്സരം അവസാനിക്കുമ്പോള്‍ 2-5ലേക്ക് ഇന്ത്യ വീണത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com