മാഞ്ചസ്റ്റര്‍ സിറ്റിയോ പിഎസ്ജിയോ?  ഇതിഹാസത്തിന്റെ പുതിയ തട്ടകം കാത്ത് ഫുട്‌ബോള്‍ ലോകം

ഇനി എവിടേക്കാവും മെസി ചേക്കേറുക എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മെസി ബാഴ്‌സ വിടുന്നതിന്റെ ആഘാതത്തിലാണ് ഫുട്‌ബോള്‍ ലോകം. കരാര്‍ ഒപ്പിടാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം എന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായി നില്‍ക്കുന്നതിന് ഇടയിലായിരുന്നു ബാഴ്‌സലോണയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ഇനി എവിടേക്കാവും മെസി ചേക്കേറുക എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. 

പ്രീമിയര്‍ ലീഗിലേക്കാവുമോ ഫ്രഞ്ച് ലീഗിലേക്കാവുമോ ബാഴ്‌സ താരത്തിന്റെ ചേക്കേറല്‍ എന്ന കണക്ക് കൂട്ടലുകളിലാണ് ആരാധകര്‍. പെപ്പ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മെസി ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ സീസണ്‍ മുതല്‍ തന്നെ ശക്തമായിരുന്നു. 

ആസ്റ്റണ്‍ വില്ലയില്‍ നിന്ന് ഗ്രീലിഷിനെ സിറ്റി സ്വന്തമാക്കിയിരുന്നു. 118 മില്യണ്‍ യൂറോയ്ക്കാണ് ഗ്രീലിഷ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തുന്നത്. എന്നാല്‍ മെസിയെ കൂടി ഉള്‍ക്കൊള്ളാനുള്ള സാമ്പത്തിക കരുത്ത് മാഞ്ചസ്റ്റര്‍ സിറ്റിക്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ ടോട്ടനത്തില്‍ നിന്ന് ഹാരി കെയ്‌നിനേയും സിറ്റി ലക്ഷ്യം വെക്കുന്നുണ്ട്. മെസിയുടെ ഒപ്പമല്ലാതെ ഗാര്‍ഡിയോളയ്ക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് എത്താനായിട്ടില്ല. ഇതും മെസിയുടെ സിറ്റിയിലേക്ക് ചേക്കേറാനുള്ള സാധ്യതകള്‍ വര്‍ഝിപ്പിക്കുന്നു. 

മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ മെസി ചേക്കേറാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഇടമായി കണക്കാക്കുന്നത് പിഎസ്ജിയാണ്. ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായുള്ള പിഎസ്ജിയുടെ കാത്തിരിപ്പ് തുടരുകയാണ്. എംബാപ്പയെ റയല്‍ മാഡ്രിഡിലേക്ക് പോവാന്‍ അനുവദിച്ച് മെസിക്കായി ഇടം ഒരുക്കുക എന്ന സാധ്യത പിഎസ്ജി പരിഗണിച്ചേക്കും. 

പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരം എന്ന നിലയിലെ തന്റെ ഏറ്റവും ഉയര്‍ന്ന പ്രതിഫലവും നെയ്മര്‍ക്കൊപ്പം കളിക്കാനാവുന്ന സാധ്യതയും മെസിയെ പിഎസ്ജിയിലേക്ക് എത്തിച്ചേക്കും. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, യുവന്റ്‌സ് ക്ലബുകള്‍ക്ക് മെസിയെ സ്വന്തമാക്കാനുള്ള സാമ്പത്തിക ശേഷിയുണ്ട്. എന്നാല്‍ മെസി ഇവിടേക്ക് ചേക്കേറാനുള്ള സാധ്യത വിരളമാണ്. ഇന്റര്‍ മിലാന്‍, എംഎല്‍എസ് ക്ലബുകള്‍, മെസിയുടെ പഴയ ക്ലബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സും മെസിയുടെ ട്രാന്‍സ്ഫര്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നുണ്ട്. 

ചെല്‍സിക്കും മെസിയെ ഉള്‍ക്കൊള്ളാനുള്ള സാമ്പത്തിക കരുത്തുണ്ട്. എന്നാല്‍ നിലവില്‍ ചെല്‍സിയുടെ മധ്യനിരയും മുന്നേറ്റവും സമ്പന്നമാണ്. ഇന്ററില്‍ നിന്ന് ലുക്കാകുവിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളും ശക്തമാണ്. എന്നാല്‍ ഇതില്‍ നിന്ന് പിന്മാറി മെസിയിലേക്ക് തിരിയാന്‍ ചെല്‍സി തയ്യാറാവുമോ എന്ന ചോദ്യത്തിനും ഉത്തരമാവണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com