നീരജ് ചോപ്രയ്ക്ക് രണ്ടു കോടി, ഒളിംപിക്‌സില്‍ മെഡല്‍ നേടിയ മറ്റു താരങ്ങള്‍ക്ക് ഒരു കോടി വീതം; വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബൈജൂസ് ഗ്രൂപ്പ് 

ടോക്കിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബൈജൂസ് ഗ്രൂപ്പ്
ബൈജു രവീന്ദ്രന്‍, നീരജ് ചോപ്ര
ബൈജു രവീന്ദ്രന്‍, നീരജ് ചോപ്ര

ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബൈജൂസ് ഗ്രൂപ്പ്. ജാവ്‌ലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് രണ്ടു കോടി രൂപയാണ് സമ്മാന തുകയായി നല്‍കുക. മെഡല്‍ നേടിയ മറ്റു വ്യക്തിഗത താരങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്നും ബൈജൂസ് ഗ്രൂപ്പ് അറിയിച്ചു.

ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് നീരജ് ചോപ്ര. ജാവ്‌ലിന്‍ ത്രോയില്‍ അടക്കം ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും മിന്നുന്ന പ്രകടനമാണ് ഇന്ത്യ ടോക്കിയോവില്‍ കാഴ്ച വെച്ചത്. 

എല്ലാ കായികഇനങ്ങളിലെയും താരങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പാരിതോഷികം പ്രഖ്യാപിച്ചത് എന്ന് ബൈജൂസ് ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. നീരജ് ചോപ്രയ്ക്ക് പുറമേ ഒളിംപിക്‌സില്‍ വ്യക്തിഗത നേട്ടങ്ങള്‍ കരസ്ഥമാക്കിയ മീരാഭായി ചാനു, രവികുമാര്‍ ദഹിയ, ലവ്‌ലിന, പി വി സിന്ധു, ബജ്‌റംഗ് പുനിയ എന്നി താരങ്ങളെയുമാണ് ആദരിക്കുന്നത്. 

ഇവരുടെ പ്രകടനം എല്ലാവര്‍ക്കും പ്രചോദനമാണ്. കോവിഡിന്റെ വെല്ലുവിളികള്‍ക്കിടെയാണ് ഈ നേട്ടം. രാജ്യത്തിന് അഭിമാന നേട്ടമാണിത്. രാജ്യത്തിന്റെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ കരുത്തുപകര്‍ന്ന് നിരവധി ഒളിംപിക്‌സ് ചാമ്പ്യന്മാരെ സൃഷ്ടിക്കുന്നതില്‍ ഈ നേട്ടം നിര്‍ണായക പങ്ക് വഹിക്കുമെന്നും ബൈജൂസ് ഗ്രൂപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

രാഷ്ട്രനിര്‍മ്മിതിയില്‍ കായികമേഖലയ്ക്ക് നിര്‍ണായ പങ്കാണ് ഉള്ളത്. നാലുവര്‍ഷം കൂടുമ്പോള്‍ ഒളിംപിക്‌സ് താരങ്ങളെ ആദരിക്കുന്നതിന് പകരം എല്ലാ ദിവസവും ഒളിംപിക്‌സ് നേട്ടത്തില്‍ ആഘോഷിക്കുന്ന തരത്തിലുള്ള അഭിമാന നേട്ടമാണ് താരങ്ങള്‍ കൊയ്തതെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു. കൂടുതല്‍ താരങ്ങളെ സൃഷ്ടിക്കാനുള്ള ശേഷി രാജ്യത്തിന് ഉണ്ട്. ഈ അഭിമാന നേട്ടം കായികമത്സരങ്ങള്‍ ഇഷ്ടപ്പെടുന്ന രാജ്യം എന്ന തലത്തില്‍ നിന്ന് കായികമത്സരങ്ങള്‍ കളിക്കുന്ന രാജ്യം എന്ന നിലയിലേക്ക് ഉയരാന്‍ രാജ്യത്തിന് കരുത്തുപകരട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com