ഇന്ത്യയുടെ ജയം തടഞ്ഞ് മഴയുടെ കളി; ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് ഉപേക്ഷിച്ചു; സമനില 

ഇന്ത്യയുടെ ജയം തടഞ്ഞ് മഴയുടെ കളി; ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് ഉപേക്ഷിച്ചു; സമനില 
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

നോട്ടിങ്ഹാം: ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിപ്പിച്ചു. ഇന്ത്യയുടെ വിജയത്തിന് മഴ തടസമായപ്പോൾ അഞ്ചാം ദിനത്തിൽ ഒരു പന്ത് പോലും എറിയാൻ സാധിച്ചില്ല. നാലാം ദിനത്തിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസെന്ന നിലയിൽ ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ് അവസാനിപ്പിച്ചിരുന്നു. 

അഞ്ചാം ദിനത്തിൽ ഒൻപത് വിക്കറ്റുകൾ ശേഷിക്കെ ഇന്ത്യക്ക് 157 റൺസ് മാത്രമായിരുന്നു വിജയത്തിലേക്ക് വേണ്ടിയിരുന്നത്. എന്നാൽ ഇന്ത്യ വിജയ പ്രതീക്ഷയിൽ നിൽക്കെ ഇംഗ്ലണ്ടിന് ആശ്വാസമായി മഴ അഞ്ചാം ദിനത്തിലെ മുഴുവൻ സെഷനുകളും കൈയടക്കി. ഒന്നാം ഇന്നിങ്സിൽ ഇം​ഗ്ലണ്ട് 183 റൺസും രണ്ടാം ഇന്നിങ്സിൽ 303 റൺസും കണ്ടെത്തി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ 278 റൺസാണ് എടുത്തത്. 209 റൺസ് വിജയ ലക്ഷ്യത്തിലേക്കായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. 

കെഎൽ രാഹുലാണ് നാലാം ദിനം മടങ്ങിയത്. 26 റൺസിൽ നിൽക്കെ ബ്രോഡാണ് രാഹുലിനെ മടക്കിയത്. 12 വീതം റൺസുമായി രോഹിത് ശർമയും പൂജാരയുമായിരുന്നു പുറത്താകാതെ ക്രീസിൽ. നോട്ടിങ്ഹാമിൽ ജയിച്ച് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ലീഡ് എടുക്കുക എന്ന ഇന്ത്യൻ ലക്ഷ്യത്തിനാണ് മഴ തടസമായത്. ടെസ്റ്റ് സമനിലയിൽ അവസാനിച്ചതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയും ഇം​ഗ്ലണ്ടും നാല് പോയിന്റ് വീതം പങ്കിട്ടു. 

രണ്ട് ഇന്നിങ്‌സിലും ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ ക്യാപ്റ്റൻ ജോ റൂട്ടാണ്. ഒന്നാം ഇന്നിങ്‌സിൽ 64 റൺസെടുത്ത റൂട്ട് രണ്ടാം ഇന്നിങ്‌സിൽ സെഞ്ച്വറിയുമായി ഇംഗ്ലണ്ട് ബാറ്റിങിന്റെ നട്ടെല്ലായി. 109 റൺസാണ് റൂട്ട് കണ്ടെത്തിയത്. 

ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യക്കായി കെഎൽ രാഹുലാണ് തിളങ്ങിയത്. താരം 84 റൺസെടുത്തു. രവീന്ദ്ര ജഡേജയും അർധ സെഞ്ച്വറിയുമായി തിളങ്ങി. താരം 56 റൺസെടുത്തു. രണ്ട് ഇന്നിങ്‌സിലുമായി ഇന്ത്യക്കായി ബൗളിങിൽ തിളങ്ങിയത് ജസ്പ്രിത് ബുമ്‌റയാണ്. ഒന്നാം ഇന്നിങ്‌സിൽ നാലും രണ്ടാം ഇന്നിങ്‌സിൽ അഞ്ചും വിക്കറ്റുകൾ വീഴ്ത്തി ബുമ്‌റ ആകെ ഒൻപത് വിക്കറ്റുകൾ പിഴുതു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com