ത്രോയ്ക്ക് പിന്നാലെ കടുത്ത ശരീരവേദന, എങ്കിലും ആ വേദനയ്ക്ക് ഫലമുണ്ടായി: നീരജ് ചോപ്ര

'എന്റെ മികച്ച ദൂരം കണ്ടെത്തി എന്നാണ് ആദ്യം കരുതിയത്. തൊട്ടടുത്ത ദിവസം മുതല്‍ ശരീര വേദന പിടികൂടി'
നീരജ് ചോപ്ര/ പിടിഐ
നീരജ് ചോപ്ര/ പിടിഐ

ന്യൂഡല്‍ഹി: ടോക്യോയിലെ സ്വര്‍ണം എറിഞ്ഞിട്ട പ്രകടനത്തിന് പിന്നാലെ ശരീര വേദന പിടികൂടിയതായി ഇന്ത്യയുടെ ജാവലിന്‍ ത്രോ ഹീറോ നീരജ് ചോപ്ര. ത്രോ വളരെ നന്നായി വന്നു. എന്റെ മികച്ച ദൂരം കണ്ടെത്തി എന്നാണ് ആദ്യം കരുതിയത്. തൊട്ടടുത്ത ദിവസം മുതല്‍ ശരീര വേദന പിടികൂടി. എങ്കിലും ആ വേദനയ്ക്ക് ഫലമുണ്ടായി, നീരജ് പറഞ്ഞു. 

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഒളിംപിക്‌സില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് നല്‍കിയ സ്വീകരണ ചടങ്ങിലാണ് നീരജിന്റെ പ്രതികരണം. കോവിഡ് പ്രതിസന്ധിക്കിടയിലും വലിയ നേട്ടത്തിലേക്ക് എത്താനായി. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും നീരജ് ചോപ്ര പറഞ്ഞു. 

സ്വര്‍ണ മെഡല്‍ നേട്ടത്തില്‍ എല്ലാവരും സന്തുഷ്ടരാണ് എന്ന് അറിഞ്ഞിരുന്നു. എന്നാല്‍ നാട്ടിലേക്ക് എത്തിയപ്പോഴാണ് അത് അവരുടെ സ്‌നേഹം നേരിട്ട് അനുഭവിക്കാനായത് എന്നാണ് ബോക്‌സിങ്ങില്‍ വെങ്കലം നേടിയ ലവ്‌ലിന പറഞ്ഞത്. 

കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണിന്റെ സമയത്ത് കേന്ദ്ര സര്‍ക്കാരും സായിയുമെല്ലാം നല്‍കിയ പിന്തുണയാണ് മെഡല്‍ നേട്ടത്തിലേക്ക് എത്തിച്ചത് എന്ന് ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് പറഞ്ഞു. ഒരു സ്വര്‍ണം ഉള്‍പ്പെടെ ഏഴ് മെഡലുകളാണ് ഇന്ത്യ ടോക്യോയില്‍ നേടിയത്. നീരജിന് സ്വര്‍ണം, രവി ദഹിയക്കും മീരാബായി ചാനുവിനും വെള്ളി. ലവ്‌ലിന, ബജ്‌റംഗ് പുനിയ, പി വി സിന്ധു, പുരുഷ ഹോക്കി ടീം എന്നിവരാണ് വെങ്കലം നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com