നോട്ടിങ്ഹാമിലെ 9 വിക്കറ്റ് നേട്ടം തുണച്ചു, ബൂമ്രയ്ക്ക് റാങ്കിങ്ങില്‍ മുന്നേറ്റം; കോഹ്‌ലിയെ താഴെയിറക്കി റൂട്ട്‌

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ബൂമ്രയ്ക്ക് മുന്നേറ്റം
ട്വിറ്ററില്‍ ബൂമ്ര പങ്കുവെച്ച ചിത്രം
ട്വിറ്ററില്‍ ബൂമ്ര പങ്കുവെച്ച ചിത്രം

ദുബായ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ബൂമ്രയ്ക്ക് മുന്നേറ്റം. ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ പത്തിലേക്ക് ബൂമ്ര തിരിച്ചെത്തി. 

നോട്ടിങ്ഹാം ടെസ്റ്റിന് പിന്നാലെ 10 സ്ഥാനങ്ങള്‍ മുന്‍പോട്ട് കയറി ബൂമ്ര ഒന്‍പതാം സ്ഥാനത്തെത്തി. ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് എത്തിയതാണ് ബൂമ്രയുടെ കരിയര്‍ ബെസ്റ്റ്. 2019 സെപ്തംബറിലാണ് ബൂമ്ര റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം തൊട്ടത്. 

നോട്ടിങ്ഹാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായത് കോഹ് ലിക്ക് തിരിച്ചടിയായി. ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ കോഹ് ലി ഒരു സ്ഥാനം താഴേക്ക് ഇറങ്ങി. കോഹ് ലി അഞ്ചാമതേക്ക് ഇറങ്ങിയപ്പോള്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് നാലാം സ്ഥാനം പിടിച്ചു. 

നോട്ടിങ്ഹാമില്‍ ആദ്യ ഇന്നിങ്‌സില്‍ റൂട്ട് 64 റണ്‍സും രണ്ടാമത്തേതില്‍ 109 റണ്‍സും നേടിയിരുന്നു. ഇതിലൂടെ 49 പോയിന്റാണ് റാങ്കിങ്ങില്‍ റൂട്ടിന് ലഭിച്ചത്. ബാറ്റ്‌സ്മാന്മാരില്‍ ആറാം സ്ഥാനത്ത് രോഹിത്തും ഏഴാമത് പന്തും മാറ്റമില്ലാതെ തുടരുന്നു. മൂന്ന് സ്ഥാനങ്ങള്‍ മുന്‍പോട്ട് കയറി രവീന്ദ്ര ജഡേജ 36ാം റാങ്കിലെത്തി. 

നോട്ടിങ്ഹാമില്‍ ജഡേജ അര്‍ധ ശതകം കണ്ടെത്തിയിരുന്നു. ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരില്‍ ജഡേജ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. ഓള്‍റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍ നാലാം സ്ഥാനത്തുണ്ട്. കെ എല്‍ രാഹുല്‍ ടെസ്റ്റ് റാങ്കിങ്ങില്‍ 56ാം സ്ഥാനത്തെത്തി. 

ബൗളര്‍മാരില്‍ അശ്വിന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. കമിന്‍സ് ആണ് ഒന്നാമത്. ശര്‍ദുള്‍ 19 സ്ഥാനം മുന്‍പോട്ട് കയറി 55ാം റാങ്കിലെത്തി. ഇംഗ്ലണ്ട് നിരയില്‍ ആന്‍ഡേഴ്‌സന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം റാങ്കിലെത്തി. 

ടി20 ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയക്കെതിരായ മികച്ച പ്രകടനമാണ് വീണ്ടും ഒന്നാം സ്ഥാനത്ത് എത്താന്‍ ഷക്കീബിനെ തുണച്ചത്. ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ഷക്കീബ് 53ാം റാങ്കിലുമെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com