രവി ശാസ്ത്രി പരിശീലക സ്ഥാനത്ത് നിന്ന് മാറുന്നു; ടി20 ലോകകപ്പോടെ പടിയിറങ്ങും

2019 ഓഗസ്റ്റില്‍ കാലാവധി തീര്‍ന്നതിന് പിന്നാലെ രവി ശാസ്ത്രി ഉള്‍പ്പെടെ കോച്ചിങ് സ്റ്റാഫിലുള്ള ചിലരെ വീണ്ടും നിയമിക്കുകയായിരുന്നു
രവി ശാസ്ത്രി, റിഷഭ് പന്ത്/ഫയല്‍ ചിത്രം
രവി ശാസ്ത്രി, റിഷഭ് പന്ത്/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. 2021 ലോകകപ്പ് വരെയാണ് രവി ശാസ്ത്രിയുടെ കരാര്‍ കാലാവധി. 

2019 ഓഗസ്റ്റില്‍ കാലാവധി തീര്‍ന്നതിന് പിന്നാലെ രവി ശാസ്ത്രി ഉള്‍പ്പെടെ കോച്ചിങ് സ്റ്റാഫിലുള്ള ചിലരെ വീണ്ടും നിയമിക്കുകയായിരുന്നു. 2014ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ സമയമാണ് ശാസ്ത്രി വീണ്ടും ടീമിന്റെ ഭാഗമായത്. ഡയറക്ടര്‍ ഓഫ് ക്രിക്കറ്റര്‍ എന്ന ചുമതലയിലായിരുന്നു ശാസ്ത്രി ടീമിന്റെ ഭാഗമായത്. 

2016 ടി20 ലോകകപ്പോടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ചുമതല അവസാനിച്ചു. 2016ല്‍ ശാസ്ത്രിയെ മറികടന്ന് കുംബ്ലേ മുഖ്യ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഒരു വര്‍ഷം പിന്നിടുന്നതിന് മുന്‍പ് തന്നെ ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലേക്ക് മുഖ്യ പരിശീലകന്റെ വേഷത്തില്‍ എത്താന്‍ ശാസ്ത്രിക്ക് കഴിഞ്ഞു. 

മൈക്ക് ഹെസന്‍, ടോം മൂഡി എന്നിവരെ മറികടന്നായിരുന്നു രവി ശാസ്ത്രി പരിശീലക സ്ഥാനത്തേക്ക് എത്തിയത്. 2019 ലോകകപ്പ് സെമി ഫൈനലിലേക്ക് ഇന്ത്യയെ നയിക്കാന്‍ ശാസ്ത്രിക്ക് കഴിഞ്ഞു. ശാസ്ത്രിക്ക് കീഴിലാണ് ഓസ്‌ട്രേലിയയെ ഇന്ത്യ ആദ്യമായി ഓസ്‌ട്രേലിയയില്‍ വീഴ്ത്തി പരമ്പര നേടുന്നത്. 2020-21ലും ഇന്ത്യ ഓസ്‌ട്രേലിയയെ നാണംകെടുത്തി. 

ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യ മേധാവിത്വം പുലര്‍ത്തി. ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍, ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് എന്നിവരാണ് ശാസ്ത്രിയുടെ കോച്ചിങ് സ്റ്റാഫിലെ മറ്റ് അംഗങ്ങള്‍. അരുണും ശ്രീധരും 2014ല്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നവരാണ്. റാത്തോഡ് 2019ലും. 

സപ്പോര്‍ട്ട് സ്റ്റാഫിലെ അംഗങ്ങള്‍ ഐപിഎല്‍ ടീമുകളുമായി ചര്‍ച്ചയിലാണെന്നാണ് വിവരം. അരുണ്‍ ബാംഗ്ലൂരിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. പഞ്ചാബിന്റെ കോച്ചിങ് സ്റ്റാഫിന്റെ ഭാഗമായിരുന്നു ശ്രീധര്‍. ശാസ്ത്രി ഐപിഎല്‍ പരിശീലകനായിട്ടുണ്ട്. ഐപിഎല്ലിലേക്ക് ശാസ്ത്രി വരാന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തിനായി ഫ്രാഞ്ചൈസികള്‍ മുന്നിട്ടിറങ്ങുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com