സന്ദേശ് ജിങ്കന്‍ യൂറോപ്പിലേക്ക്; ക്രൊയേഷ്യന്‍ ടീമിനായി കളത്തിലിറങ്ങും

സന്ദേശ് ജിങ്കന്‍ യൂറോപ്പിലേക്ക്; ക്രൊയേഷ്യന്‍ ടീമിനായി കളത്തിലിറങ്ങും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിരോധ താരം സന്ദേശ് ജിങ്കന്‍ ക്രൊയേഷ്യന്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലബില്‍. ക്രൊയേഷ്യന്‍ ക്ലബ് എച്എന്‍കെ സിബെനികുമായി താരം കരാര്‍ ഒപ്പിട്ടു. ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം നേടിയ ജിങ്കനുമായി അഞ്ച് വര്‍ഷത്തെ കരാറാണ് സിബെനിക് ഒപ്പിട്ടത്. 

ക്ലബിലും രാജ്യത്തിനായും മികച്ച പ്രകടനമായിരുന്നു താരം അടുത്ത കാലത്ത് പുറത്തെടുത്തിരുന്നത്. കഴിഞ്ഞ സീസണ്‍ മുതല്‍ യൂറോപ്യന്‍ ക്ലബുകള്‍ താരത്തിന് പിന്നാലെയുണ്ടായിരുന്നു. ഓസ്ട്രിയ, റഷ്യ, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്നുള്ള ക്ലബുകളില്‍ നിന്ന് താരത്തിന് ഓഫറുണ്ടായിരുന്നു. എന്നാല്‍ ജിങ്കന്‍ ക്രൊയേഷ്യ തിരഞ്ഞെടുക്കുകയായിരുന്നു. 

താരത്തില്‍ താത്പര്യമറിയിച്ച് സിബെനിക് ക്ലബ് മോഹന്‍ ബഗാന് കത്തയച്ചിരുന്നു. പിന്നാലെയാണ് താരത്തിന്റെ ടീം മാറ്റം യാഥാര്‍ത്ഥ്യമായത്.  സിബെനിക് ക്രൊയേഷ്യന്‍ ലീഗില്‍ കഴിഞ്ഞ തവണ ആറാം സ്ഥാനത്തായിരുന്നു.

എടികെ മോഹന്‍ ബഗാനില്‍ നിന്നാണ് ജിങ്കന്‍ യൂറോപ്പിലേക്ക് കൂടുമാറുന്നത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ആറ് സീസണുകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു താരം ബഗാനിലെത്തിയത്. ബഗാന് വേണ്ടി  22 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. 2015ല്‍ ഇന്ത്യക്കു വേണ്ടി രാജ്യാന്തര തലത്തില്‍ അരങ്ങേറിയ ജിങ്കന്‍ 40 മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളും നേടി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കരുത്തരായ ഖത്തറിനെ സമനിലയില്‍ തളച്ച മത്സരത്തില്‍ ജിങ്കന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. 

മോഹന്‍ ബഗാനില്‍ ഇനിയും നാല് വര്‍ഷത്തെ കരാര്‍ ജിങ്കന് ബാക്കിയുണ്ട്. എന്നാല്‍ മറ്റ് ഓഫറുകള്‍ വന്നാല്‍ ക്ലബ് വിടാമെന്ന വ്യവസ്ഥയുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com