ആര് ഡൈവ് ചെയ്യും? ബൗണ്ടറി തടയവെ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പിണഞ്ഞ അബദ്ധം, വീഡിയോ വൈറല്‍

ബൗണ്ടറി തടയാനുള്ള ഡോം സിബ്ലി, ഹസീബ് ഹമീദ് എന്നിവരുടെ ശ്രമത്തിന് ഇടയിലാണ് സംഭവം
ലോര്‍ഡ്‌സില്‍ കോഹ്‌ലിയുടെ ബൗണ്ടറി തടയാനുള്ള ഇംഗ്ലണ്ട് താരങ്ങളുടെ ശ്രമം/വീഡിയോ ദൃശ്യം
ലോര്‍ഡ്‌സില്‍ കോഹ്‌ലിയുടെ ബൗണ്ടറി തടയാനുള്ള ഇംഗ്ലണ്ട് താരങ്ങളുടെ ശ്രമം/വീഡിയോ ദൃശ്യം

ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഫീല്‍ഡിങ്ങില്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പിണഞ്ഞ അബദ്ധമാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരെ ഇപ്പോള്‍ കൗതുകത്തിലാക്കുന്നത്. ബൗണ്ടറി തടയാനുള്ള ഡോം സിബ്ലി, ഹസീബ് ഹമീദ് എന്നിവരുടെ ശ്രമത്തിന് ഇടയിലാണ് സംഭവം. 

സാം കറാന്റെ ഔട്ട്‌സൈഡ് ഓഫായി എത്തിയ വൈഡ് ഡെലിവറിയില്‍ മുന്‍പോട്ടാഞ്ഞ് കവര്‍ ഡ്രൈവിനായിരുന്നു കോഹ്‌ലിയുടെ ശ്രമം. അവിടെ കോഹ് ലിയുടെ ടൈമിങ് ശരിയായില്ലെങ്കിലും പന്ത് ബൗണ്ടറി ലൈന്‍ ലക്ഷ്യമാക്കി പാഞ്ഞു. 

ഈ സമയം ഡോം സിബ്ലിയും ഹമീദുമാണ് പന്ത് ചെയ്‌സ് ചെയ്തത്. ബൗണ്ടറി ലൈനിന് അരികില്‍ എത്തിയപ്പോള്‍ ആര് ഡൈവ് ചെയ്യും എന്നതില്‍ ആശയക്കുഴപ്പും ഇരുവര്‍ക്കുമിടയില്‍ ഉണ്ടായി. ഇത് മനസിലാക്കിയതോടെ രണ്ട് പേരുടേയും വേഗം കുറഞ്ഞു. രണ്ട് പേരും ഒരുമിച്ച് ഡൈവ് ചെയ്യുകയും ചെയ്തു. 

ഇരുവരും തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്കാണ്. ഈ സമയം കൊണ്ട് കോഹ് ലി മൂന്ന് റണ്‍സ് ഓടിയെടുത്തു. ആദ്യ ദിനം ഇന്ത്യയാണ് ലോര്‍ഡ്‌സില്‍ ആധിപത്യം പുലര്‍ത്തിയത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 127 റണ്‍സുമായി രാഹുലും ഒരു റണ്‍സുമായി രഹാനെയുമാണ് ക്രീസില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com