'ഒഴിവാക്കിയാല്‍ ഷര്‍ട്ടും കീറി ഒരു രംഗം സൃഷ്ടിക്കാനൊന്നും പോവുന്നില്ല'; രഹാനെ, പൂജാര എന്നിവരെ ചൂണ്ടി സുനില്‍ ഗാവസ്‌കര്‍ 

ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്ന് കരുതി ജേഴ്‌സി കീറി രഹാനേയും പൂജാരയും ഒരു രംഗമൊന്നും സൃഷ്ടിക്കാന്‍ പോവുന്നില്ലെന്ന് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍
അജിൻക്യ രഹാനെ/ ട്വിറ്റർ
അജിൻക്യ രഹാനെ/ ട്വിറ്റർ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്ന് കരുതി ജേഴ്‌സി കീറി രഹാനേയും പൂജാരയും ഒരു രംഗമൊന്നും സൃഷ്ടിക്കാന്‍ പോവുന്നില്ലെന്ന് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. സമാനമായ രീതിയില്‍ തുടരെ പുറത്താവുന്നു എങ്കില്‍ അത് നിങ്ങളുടെ സാങ്കേതിക പ്രശ്‌നം മാത്രമല്ല, നിങ്ങളെ സഹായിക്കേണ്ട വ്യക്തിയുടെ കൂടി പിഴവാണെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു. 

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും പൂജാരയും രഹാനെയും നിരാശപ്പെടുത്തിയിരുന്നു. ലോര്‍ഡ്‌സ് ടെസ്റ്റില്‍ 23 പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രം എടുത്താണ് രഹാനെ പുറത്തായത്. പൂജാരയാവട്ടെ 23 പന്തില്‍ നിന്ന് നേടിയത് 9 റണ്‍സ് മാത്രം. നോട്ടിങ്ഹാം ടെസ്റ്റില്‍ 5 റണ്‍സ് എടുത്ത് നില്‍ക്കെ രഹാനെ റണ്‍ഔട്ട് ആവുകയായിരുന്നു. പൂജാര 16 പന്തില്‍ നിന്ന് നാല് റണ്‍സ് എടുത്തും മടങ്ങി. 

ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പ് തന്നെ ഇരുവര്‍ക്കും എതിരെ വിമര്‍ശനം ശക്തമായിരുന്നു. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ രഹാനേയ്ക്കും പൂജാരയ്ക്കും കാര്യങ്ങള്‍ ദുഷ്‌കരമാവും. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോററാണ് രഹാനെ എന്നതാണ് ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നത്. രഹാനെയ്ക്ക് നേരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് പിന്നില്‍ ഗൂഡ ലക്ഷ്യങ്ങളുണ്ടെന്നും ഗാവസ്‌കര്‍ നേരത്തെ ആരോപിച്ചിരുന്നു. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 49 റണ്‍സ് നേടിയ രഹാനെ ആയിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.മറ്റൊരു താരത്തിനും ഈ സമയം റണ്‍സ് കണ്ടെത്താനായില്ല. എന്നാല്‍ രണ്ട് കളിക്കാരെ ചൂണ്ടി മാത്രമാണ് ചോദ്യം ഉയര്‍ന്നത്. ലോ പ്രൊഫൈല്‍ ക്രിക്കറ്റ് താരങ്ങളാണ് ഇവര്‍. ടീമില്‍ നിന്ന് പുറത്താക്കി എന്ന് കരുതി ഷര്‍ട്ടൂരി എറിഞ്ഞ് ഒരു രംഗം സൃഷ്ടിക്കാനൊന്നും ഇരുവരും പോകുന്നില്ല, ഗാവസ്‌കര്‍ പറഞ്ഞു. 

രഹാനെയെ കളിക്കാന്‍ അനുവദിക്കു. ഇവിടെ രഹാനെ റണ്‍സ് കണ്ടെത്തിയില്ലെങ്കില്‍ അത് അയാളുടെ സാങ്കേതിക പ്രശ്‌നങ്ങളിലേക്ക വിരല്‍ ചൂണ്ടും. ഇവരുടെ പിഴവുകള്‍ ചൂണ്ടിക്കാണിക്കാന്‍ സ്റ്റാഫ് ഉണ്ട്. സമാനമായ രീതിയില്‍ തുടരെ പുറത്തായാല്‍ അവിടെ ആ കളിക്കാരന്റെ സാങ്കേതിക പ്രശ്‌നം മാത്രമല്ല വിഷയം. അയാളെ സഹായിക്കേണ്ട ആളുടെ പ്രശ്‌നവുമുണ്ട്, ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com