'വിരമിച്ച കുക്ക് വന്ന് ഓപ്പണ്‍ ചെയ്യട്ടെ'- ഇംഗ്ലീഷ് ഓപ്പണര്‍മാരെ വിമര്‍ശിച്ച് ഗ്രഹാം ഗൂച്

'വിരമിച്ച കുക്ക് വന്ന് ഓപ്പണ്‍ ചെയ്യട്ടെ'- ഇംഗ്ലീഷ് ഓപ്പണര്‍മാരെ വിമര്‍ശിച്ച് ഗ്രഹാം ഗൂച്
അലിസ്റ്റർ കുക്ക്/ ട്വിറ്റർ
അലിസ്റ്റർ കുക്ക്/ ട്വിറ്റർ

ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് പിന്നില്‍ നില്‍ക്കുകയാണ്. ആദ്യ പോരാട്ടം മഴയെ തുടര്‍ന്ന് സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് മുന്നില്‍ നില്‍ക്കുന്നു. 

രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തിയ ഏക ബാറ്റ്‌സ്മാന്‍ അവരുടെ നായകന്‍ ജോ റൂട്ട് മാത്രമാണ്. മറ്റൊരു താരത്തിനും കാര്യമായി സംഭവാന ചെയ്യാന്‍ സാധിച്ചില്ല. അതില്‍ തന്നെ ഇംഗ്ലീഷ് ഓപ്പണര്‍മാരായ ഡോ സിബ്‌ലി, റോറി ബേണ്‍സ് എന്നിവര്‍ വലിയ പരാജയമായി മാറിയിരുന്നു. സാക് ക്രൗളിയും അമ്പേ പരാജയപ്പെട്ട ബാറ്റ്‌സ്മാനാണ്. പിന്നാലെ മൂവരേയും ടീമില്‍ നിന്ന് ഒഴിവാക്കി. 

ഇംഗ്ലീഷ് ഓപണര്‍മാരെ നിശിതമായി വിമര്‍ശിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകാണ് ഇതിഹാസ താരം ഗ്രഹാം ഗൂച്. മുന്‍ ക്യാപ്റ്റന്‍ ഇതിഹാസ ബാറ്റ്‌സ്മാനുമായ അലിസ്റ്റര്‍ കുക്കിനെ ഇംഗ്ലണ്ട് തിരിച്ചു വിളിക്കണമെന്ന് ഗൂച് അഭിപ്രായപ്പെട്ടു. നിലവില്‍ ഇംഗ്ലണ്ടിനായി ഓപ്പണ്‍ ചെയ്യാന്‍ കുക്ക് തന്നെയാണ് യോഗ്യന്‍ എന്ന് ഗൂച് തുറന്നടിച്ചു. 

മൂന്ന് വര്‍ഷം മുന്‍പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കുക്ക് നിലവില്‍ കൗണ്ടിയില്‍ കളിക്കുന്നുണ്ട്. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച റണ്‍ സ്‌കോററായ കുക്ക് ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കൂടിയാണ്. ടെസ്റ്റില്‍ 12,472 റണ്‍സാണ് കുക്കിന്റെ സമ്പാദ്യം. 

'മൂന്ന് വര്‍ഷം മുന്‍പ് വിരമിച്ച അലിസ്റ്റര്‍ കുക്കാണ് ഈ ടീമിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ആകാന്‍ അനുയോജ്യന്‍. അദ്ദേഹത്തെ തിരിച്ചു വിളിക്കണം. വിളിച്ചാല്‍ കുക്ക് തീര്‍ച്ചയായും ടീമിന് വേണ്ടി ഇറങ്ങും'- ഗൂച്ച് പറഞ്ഞു.  

'താരങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. മികച്ച പരിശീലനവും നടത്തി സ്വയം ഒരുങ്ങുന്നുമുണ്ട്. പരിശ്രമത്തിന്റെ കുറവല്ല അവര്‍ക്കുള്ളത്. മറിച്ച് മനോഭാവം, സാങ്കേതിക കഴിവ്, അറിവ്, ഏകാഗ്രത എന്നിവയെല്ലാം ബാധകമാണ്. പ്രത്യേകിച്ചും ഒരു ഓപ്പണിംഗ് ബാറ്റ്‌സ്മാനെ സംബന്ധിച്ചിടത്തോളം. അങ്ങനെ വരുമ്പോള്‍ ഒരു തെറ്റ് മതി നിങ്ങളുടെ ആ ദിവസത്തിന്റെ അവസാനം കുറിയ്ക്കാന്‍'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com