5 ദിവസത്തിനുള്ളില്‍ ക്രിസ്റ്റ്യാനോയുടെ വിധി അറിയാം; താത്പര്യം വ്യക്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി 

ഈ സമ്മറില്‍ ടോട്ടനം വിടില്ലെന്നാണ് ഹാരി കെയ്ന്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ/ഫയല്‍ ചിത്രം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ/ഫയല്‍ ചിത്രം

ലണ്ടന്‍: യുവന്റ്‌സ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയെ സ്വന്തമാക്കുന്നതിലെ താത്പര്യം മാഞ്ചസ്റ്റര്‍ സിറ്റിയും വ്യക്തമാക്കുന്നു. ടോട്ടനത്തില്‍ തന്നെ തുടരുമെന്ന ഹാരി കെയ്‌നിന്റെ പ്രതികരണത്തോടെ ക്രിസ്റ്റിയാനോയ്ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കുള്ള വഴി തുറക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ സമ്മറില്‍ ടോട്ടനം വിടില്ലെന്നാണ് ഹാരി കെയ്ന്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. കെയ്‌നിന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയുമായി ചര്‍ച്ചകള്‍ക്ക് ടോട്ടനം തയ്യാറാവുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ക്രിസ്റ്റിയാനോയുടെ ഉയര്‍ന്ന പ്രതിഫലത്തെ തുടര്‍ന്ന് യുവന്റ്‌സ് ആവശ്യപ്പെടുന്ന ട്രാന്‍സ്ഫര്‍ ഫീയാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ വലയ്ക്കുന്നത്. യുവന്റ്‌സുമായി ഇനി ഒരു വര്‍ഷത്തെ കരാര്‍ കൂടിയാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്. 

ഓഗസ്റ്റ് 31നാണ് പ്രീമിയര്‍ ലീഗ് ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നത്. ഇതിന് മുന്‍പ് സിറ്റിയിലേക്ക് എത്താനുള്ള താത്പര്യം ക്രിസ്റ്റ്യാനോ വ്യക്തമാക്കി കഴിഞ്ഞു. സിരി എയിലെ യുവന്റ്‌സിന്റെ സീസണിലെ ആദ്യ കളിയില്‍ ക്രിസ്റ്റിയാനോ ഇറങ്ങിയില്ല. സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ക്രിസ്റ്റ്യാനോ തന്നെ അറിയിച്ചതായാണ് വിവരം. 

പിന്നാലെ പരിശീലനത്തില്‍ മുഴുവന്‍ സമയം ചിലവിടാനും ക്രിസ്റ്റ്യാനോ തയ്യാറായില്ല. എന്നാല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കാന്‍ അഞ്ച് ദിവസം മാത്രം മുന്‍പില്‍ നില്‍ക്കെ സൂപ്പര്‍ താരത്തെ സിറ്റിയിലേക്ക് എത്തിക്കാന്‍ ഗാര്‍ഡിയോളയ്ക്കും കൂട്ടര്‍ക്കും സാധിക്കുമോ എന്ന ചോദ്യം ശക്തമാണ്. 

സെര്‍ജിയോ അഗ്യുറോ ബാഴ്‌സയിലേക്ക് പോയതിന് പിന്നാലെ ഗബ്രിയേല്‍ ജെസ്യൂസ് ആണ് സിറ്റിയിലെ സീനിയര്‍ സ്‌ട്രൈക്കര്‍. തന്റെ ഇപ്പോഴത്തെ സ്‌ക്വാഡില്‍ ഗാര്‍ഡിയോള സംതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ക്രിസ്റ്റ്യാനോയുടെ സിറ്റിയിലേക്കുള്ള വരവ് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com