‘കോഹ്‌ലിയ്ക്ക് ആധിപത്യം സ്ഥാപിക്കാനുള്ള അമിത വ്യഗ്രത‘- തുറന്നടിച്ച് ഇർഫാൻ പഠാൻ

‘കോഹ്‌ലിയ്ക്ക് ആധിപത്യം സ്ഥാപിക്കാനുള്ള അമിത വ്യഗ്രത‘- തുറന്നടിച്ച് ഇർഫാൻ പഠാൻ
വിരാട് കോഹ് ലി/ഫോട്ടോ: ട്വിറ്റര്‍
വിരാട് കോഹ് ലി/ഫോട്ടോ: ട്വിറ്റര്‍

മുംബൈ: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച ബാറ്റിങ് പുറത്തെടുക്കാൻ സാധിക്കാത്ത ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ വിമർശിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ. ബൗളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കാനുള്ള അമിത വ്യഗ്രതയും ആക്രമണോത്സുകമായ നിലപാടുകളുമാണ് ഇംഗ്ലണ്ടിൽ വിരാട് കോഹ്‌ലിയുടെ മോശം ഫോമിന് കാരണമെന്ന് പഠാൻ തുറന്നടിച്ചു. 

ഇത്തരമൊരു ആധിപത്യ ചിന്ത മനസിലുള്ളതുകൊണ്ടാണ് ഓഫ് സ്റ്റംപിനു പുറത്തു പോകുന്ന പന്തുകളിലെല്ലാം ബാറ്റു വയ്ക്കാൻ കോഹ്‌ലി ശ്രമിക്കുന്നതെന്ന് പഠാൻ ചൂണ്ടിക്കാട്ടി. ആകാശ് ചോപ്രയുമായി അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിനായി നടത്തിയ സംഭാഷണത്തിലാണ് പഠാൻ ഇക്കാര്യം പറഞ്ഞത്. കോഹ്‌ലിയുടെ ഫോമിനേക്കുറിച്ച് വ്യാപക ചർച്ച ഉയരുന്നതിനിടെയാണ് പഠാന്റെ തുറന്നു പറച്ചിൽ.

‘പരിശീലനത്തിന്റെ കുറവോ സാങ്കേതികപ്പിഴവുകളോ അല്ല വിരാട് കോഹ്‌ലിയുടെ പ്രശ്നം. ബൗർമാർക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള അമിത വ്യഗ്രതയാണ് ഓഫ് സ്റ്റംപിനു പുറത്തുപോകുന്ന പന്തുകളിലും ബാറ്റു വയ്ക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. അത്രയ്ക്ക് ചെറിയ പ്രശ്നമാണിത്. സാങ്കേതികമായ കാരണങ്ങളേക്കാൾ, കോഹ്‌ലിയുടെ ആക്രമണോത്സുകമായ മനോഭാവമാണ് ബാറ്റിങ്ങിൽ കോഹ്‌ലിയെ ചതിക്കുന്നത്’ – പഠാൻ പറഞ്ഞു.

അതേസമയം, അക്ഷമയാണ് കോഹ്‌ലിയെ കുഴിയിൽച്ചാടിക്കുന്നതെന്നായിരുന്നു മുൻ ഇന്ത്യൻ താരവും സീനിയർ ടീമിന്റെ ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ അഭിപ്രായം. കോഹ്‌ലിയെ പുറത്താക്കാൻ ഇംഗ്ലണ്ട്  ബൗളർമാർ പ്രകടിപ്പിക്കുന്ന ക്ഷമ പോലും അവർക്കു മുന്നിൽ പിടിച്ചുനിൽക്കാൻ കോഹ്‌ലി കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ പൂർത്തിയായ മൂന്നു മത്സരങ്ങളിൽ നിന്ന് 24.80 ശരാശരിയിൽ 124 റൺസ് മാത്രമാണ് കോഹ്‌ലിക്കു നേടാനായത്. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലാണ് കോഹ്‌ലി ഈ പരമ്പരയിലെ ആദ്യ അർധ സെഞ്ച്വറി നേടിയത്. ആ അർധ സെഞ്ച്വറിക്ക് ടീമിനെ തോൽവിയിൽ നിന്ന് രക്ഷിക്കാനും സാധിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com