കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ്; സച്ചിനേയും ഗാവസ്‌കറിനേയും മറികടന്ന് ജോ റൂട്ട്‌

ടെസ്റ്റില്‍ കലണ്ടര്‍ വര്‍ഷം 1600ന് മുകളില്‍ റണ്‍സ് 2008ന് ശേഷം സ്‌കോര്‍ ചെയ്യുന്ന ആദ്യ താരവുമാണ് റൂട്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഡ്‌ലെയ്ഡ്: കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറേയും സുനില്‍ ഗാവസ്‌കറേയും മറികടന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. ടെസ്റ്റില്‍ കലണ്ടര്‍ വര്‍ഷം 1600ന് മുകളില്‍ റണ്‍സ് 2008ന് ശേഷം സ്‌കോര്‍ ചെയ്യുന്ന ആദ്യ താരവുമാണ് റൂട്ട്. 

ആഷസിലെ രണ്ടാമത്തെ ടെസ്റ്റില്‍ ഡേവിഡ് മലനൊപ്പം 128 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ക്കുന്നതിന് ഇടയിലാണ് റൂട്ടിന്റെ നേട്ടം. കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടത്തില്‍ പാകിസ്ഥാന്‍ മുഹമ്മദ് യൂസഫ് ആണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 2006ല്‍ 1788 റണ്‍സ് ആണ് ടെസ്റ്റില്‍ മുഹമ്മദ് യൂസഫ് നേടിയത്. 11 ടെസ്റ്റില്‍ നിന്ന് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 99.33. 

വിവ് റിച്ചാര്‍ഡ്‌സ് ആണ് രണ്ടാം സ്ഥാനത്ത്

വെസ്റ്റ് ഇന്‍ഡീസിന്റെ വിവ് റിച്ചാര്‍ഡ്‌സ് ആണ് രണ്ടാം സ്ഥാനത്ത്. 1976ല്‍ 11 ടെസ്റ്റില്‍ നിന്ന് വിവ് റിച്ചാര്‍ഡ്‌സ് നേടിയത് 1710 റണ്‍സ്. ആ വര്‍ഷത്തെ ബാറ്റിങ് ശരാശരി 90.00. 2008ല്‍ സൗത്ത് ആഫ്രിക്കന്‍ താരം ഗ്രെയിം സ്മിത്ത് 1600ന് മുകളില്‍ റണ്‍സ് കണ്ടെത്തിയിരുന്നു.1656 റണ്‍സ് ആണ് സ്മിത്ത് നേടിയത്. 

ഈ ലിസ്റ്റില്‍ ആറും ഏഴും സ്ഥാനങ്ങളിലാണ് സുനില്‍ ഗാവ്‌സകറും സച്ചിനും. 1979ല്‍ 1555 റണ്‍സ് ആണ് ഗാവസ്‌കര്‍ നേടിയത്. 2010ല്‍ സച്ചിന്‍ ടെസ്റ്റില്‍ നിന്ന് കലണ്ടര്‍ വര്‍ഷം കണ്ടെത്തിയത് 1562 റണ്‍സും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com