ഒടുവിൽ ആദ്യ വിജയം വന്നത് എട്ടാം പോരിൽ; ഒഡ‍ിഷയെ തകർത്ത് ഈസ്റ്റ് ബം​ഗാൾ

ഒടുവിൽ ആദ്യ വിജയം വന്നത് എട്ടാം പോരിൽ; ഒഡ‍ിഷയെ തകർത്ത് ഈസ്റ്റ് ബം​ഗാൾ
ഈസ്റ്റ് ബം​ഗാൾ- ഒ‍ഡിഷ മത്സരത്തിൽ നിന്ന്/ ട്വിറ്റർ
ഈസ്റ്റ് ബം​ഗാൾ- ഒ‍ഡിഷ മത്സരത്തിൽ നിന്ന്/ ട്വിറ്റർ

പനാജി: ഐഎസ്എല്ലിൽ തങ്ങളുടെ ആദ്യ വിജയം കുറിച്ച് കൊൽക്കത്തൻ കരുത്തരായ ഈസ്റ്റ് ബം​ഗാൾ. ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഒഡിഷ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകർത്താണ് ഈസ്റ്റ് ബംഗാൾ വിജയം കുറിച്ചത്. ഒഡിഷ നേടിയ ഒരു ​ഗോളും ഈസ്റ്റ് ബം​ഗാളിന്റെ സെൽഫിലൂടെയുള്ള സമ്മാനമായിരുന്നു. 

12-ാം മിനിറ്റിൽ ആന്റണി പിൽകിങ്ടണും 39-ാം മിനിറ്റിൽ ജാക്വസ് മഗോമയും 88-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിനായി ആദ്യ മത്സരം കളിക്കുന്ന ബ്രൈറ്റ് എനോബകാരേയുമാണ് ഗോളുകൾ നേടിയത്. 90 മിനുട്ടും കഴിഞ്ഞ് ഇഞ്ച്വറി ടൈമിൽ എത്തിയപ്പോഴാണ് ‍‍ഡാനി ഫോക്സിന്റെ ഓൺ ​ഗോളിലൂടെ ഒഡിഷ ആശ്വസിച്ചത്. 

മികച്ച പ്രകടനം പുറത്തെടുത്ത ഈസ്റ്റ് ബംഗാൾ മത്സരത്തിന്റെ 12-ാം മിനിറ്റിൽ തന്നെ മുന്നിലെത്തി. വലതുഭാഗത്തു നിന്ന് രാജു ഗെയ്ക്‌വാദിന്റെ ത്രോ ക്ലിയർ ചെയ്യുന്നതിൽ ഒഡിഷ താരങ്ങൾ വരുത്തിയ പിഴവിൽ നിന്നായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോൾ. ബോക്‌സിൽ കുത്തി ഉയർന്ന പന്ത് ഹെഡ്ഡറിലൂടെ പിൽകിങ്ടൻ വലയിലെത്തിക്കുകയായിരുന്നു.

39-ാം മിനിറ്റിൽ അസാധ്യമായ ഒരു ആംഗിളിൽ നിന്നാണ് മഗോമ സ്‌കോർ ചെയ്തത്. ഇടതു ഭാഗത്തു നിന്ന് പന്ത് ലഭിച്ച മഗോമ ഒറ്റയ്‌ക്കൊരു മുന്നേറ്റത്തിലൂടെ ഒഡിഷ ഡിഫൻഡർമാരെ മറികടന്ന് കരുത്തുറ്റ ഒരു ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

88-ാം മിനിറ്റിൽ മികച്ച ടീം വർക്കിലൂടെയായിരുന്നു എനോബകാരേ സ്‌കോർ ചെയ്തത്. ഒഡിഷ ഡിഫൻഡർമാരെ കാഴ്ചക്കാരാക്കി മികച്ച പാസുകളുമായി കളിച്ച ഈസ്റ്റ് ബംഗാളിനായി ഒടുവിൽ പന്ത് ലഭിച്ച എനോബകാരേ സ്‌കോർ ചെയ്യുകയായിരുന്നു.

ഗോൾകീപ്പർ ദേബ്ജിത്ത് മജുംദാറിന്റെ മികച്ച പ്രകടനവും ഈസ്റ്റ് ബംഗാളിന്റെ വിജയത്തിൽ നിർണായകമായി. ഗോളെന്നുറച്ച നാലിലേറെ അവസരങ്ങളാണ് ദേബ്ജിത്ത് രക്ഷപ്പെടുത്തിയത്. ആദ്യ പകുതിയിൽ രണ്ടു ഗോൾ വഴങ്ങിയ ഒഡിഷ രണ്ടാം പകുതിയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈസ്റ്റ് ബം​ഗാളും ആദ്യ വിജയം കുറിച്ചതോടെ എട്ട് മത്സരം കളിച്ചിട്ടും ഇതുവരെ വിജയിക്കാൻ സാധാക്കാത്ത ഏക ടീമായി ഇതോടെ ഒഡിഷ മാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com