ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും ഓസീസ് ആധിപത്യം; തിരിച്ചടികളോടെ മൂന്നാം ദിനം അവസാനിപ്പിച്ച് ഇന്ത്യ 

മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എന്ന നിലയില്‍ അവസാനിപ്പിച്ച് ഓസ്‌ട്രേലിയ
സിഡ്‌നി ടെസ്റ്റിന് ഇടയില്‍ പരിക്കേറ്റ റിഷഭ് പന്തിനെ ഫിസിയോ പരിശോധിക്കുന്നു/ഫോട്ടോ: എപി
സിഡ്‌നി ടെസ്റ്റിന് ഇടയില്‍ പരിക്കേറ്റ റിഷഭ് പന്തിനെ ഫിസിയോ പരിശോധിക്കുന്നു/ഫോട്ടോ: എപി

സിഡ്‌നി: മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എന്ന നിലയില്‍ അവസാനിപ്പിച്ച് ഓസ്‌ട്രേലിയ. ആതിഥേയര്‍ക്ക് ഇപ്പോള്‍ 197 റണ്‍സിന്റെ ലീഡ് ഉണ്ട്. 

69 പന്തില്‍ നിന്ന് 47 റണ്‍സുമായി ലാബുഷെയ്‌നും, 29 റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍. നാലാം ദിനം തുടക്കത്തില്‍ തന്നെ ഓസ്‌ട്രേലിയയുടെ വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദത്തിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ കളി ഇന്ത്യയുടെ കൈകളില്‍ നിന്ന് വഴുതും. 

ഇന്ത്യയെ 244 റണ്‍സിന് ഓള്‍ഔട്ട് ആക്കിയതിന് ശേഷം വന്ന ഓസ്‌ട്രേലിയക്ക് സ്‌കോര്‍ 16ല്‍ എത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ആദ്യ ഇന്നിങ്‌സിലെ മികവ് ആവര്‍ത്തിക്കാന്‍ ആവാതെ പുകോവ്‌സ്‌കിയാണ് ആദ്യം മടങ്ങിയത്. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. 

പിന്നാലെ ഓസ്‌ട്രേലിയയുടെ പത്താം ഓവറില്‍ ഡേവിഡ് വാര്‍ണറേയും അവര്‍ക്ക് നഷ്ടമായി. അശ്വിന്‍ വാര്‍ണറെ വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു. എന്നാല്‍ സ്മിത്ത്-ലാബുഷെയ്ന്‍ സഖ്യം വലിയ അപകടങ്ങളില്ലാതെ ഓസ്‌ട്രേലിയെ മുന്‍പോട്ട് കൊണ്ടുപോയി. 

മൂന്നാം ദിനം ഓസ്‌ട്രേലിയന്‍ ആധിപത്യമാണ് സിഡ്‌നിയില്‍ കണ്ടത്. കമിന്‍സ് നാല് വിക്കറ്റ് വീഴ്ത്തി നിറഞ്ഞതോടെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. ബൗളിങ്ങിനൊപ്പം ഫീല്‍ഡിങ്ങിലും ഓസ്‌ട്രേലിയ മികവ് കാണിച്ചു. മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ഇവിടെ റണ്‍ഔട്ട് ആയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com