സിഡ്‌നിയിലെ വംശീയ അധിക്ഷേപം; മുഹമ്മദ് സിറാജിനോട് മാപ്പ് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍ 

വംശിയതയും, അധിക്ഷേപവും ഒരു അര്‍ഥത്തിലും പൊറുക്കാന്‍ കഴിയുന്നതല്ല. സ്വന്തം കാണികളില്‍ നിന്ന് നല്ല പെരുമാറ്റം ഞാന്‍ പ്രതീക്ഷിക്കുന്നു
മുഹമ്മദ് സിറാജിന് എതിരായ വംശീയ അധിക്ഷേപത്തിന് പിന്നാലെ ആറ് പേരെ ഗ്യാലറിയില്‍ നിന്ന് നീക്കുന്നു/ഫോട്ടോ: എപി
മുഹമ്മദ് സിറാജിന് എതിരായ വംശീയ അധിക്ഷേപത്തിന് പിന്നാലെ ആറ് പേരെ ഗ്യാലറിയില്‍ നിന്ന് നീക്കുന്നു/ഫോട്ടോ: എപി

സിഡ്‌നി: കാണികളുടെ ഭാഗത്ത് നിന്നും വംശീയ അധിക്ഷേപമുണ്ടായ സംഭവത്തില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനോട് ക്ഷമ ചോദിച്ച് ഡേവിഡ് വാര്‍ണര്‍. സംഭവത്തില്‍ ഇന്ത്യന്‍ ടീമിനോടും ക്ഷമ ചോദിക്കുകയാണെന്ന് വാര്‍ണര്‍ പറഞ്ഞു.

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു വാര്‍ണറുടെ പ്രതികരണം. മുഹമ്മദ് സിറാജിനോടും ഇന്ത്യന്‍ ടീമിനോടും ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. വംശിയതയും, അധിക്ഷേപവും ഒരു അര്‍ഥത്തിലും പൊറുക്കാന്‍ കഴിയുന്നതല്ല. സ്വന്തം കാണികളില്‍ നിന്ന് നല്ല പെരുമാറ്റം ഞാന്‍ പ്രതീക്ഷിക്കുന്നു, വാര്‍ണര്‍ കുറിച്ചു. 

ഗ്രൗണ്ടിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചത് സന്തോഷം നല്‍കുന്നു. എന്നാല്‍ പ്രതീക്ഷിച്ച ഫലമല്ല ലഭിച്ചത്. ടെസ്റ്റ് ക്രിക്കറ്റ് എന്നാല്‍ ഇതാണ്. കഴിയുന്നത്ര കഠിനാധ്വാനം ചെയ്ത എല്ലാ ടീം അംഗങ്ങള്‍ക്കും അഭിനന്ദനം. സമനിലയ്ക്ക് വേണ്ടി ഇന്ത്യ ശക്തമായി പൊരുതി. അതെല്ലാം കൊണ്ടാണ് ഈ കളിയെ നമ്മള്‍ സ്‌നേഹിക്കുന്നത്. എളുപ്പമല്ല അത്. ഇനി പരമ്പര വിജയം നിര്‍ണയിക്കാന്‍ ഗബ്ബയിലേക്ക്, കളിക്കാന്‍ എന്തൊരു  നല്ല ഇടമാണ്...വാര്‍ണര്‍ പറയുന്നു. 

സിഡ്‌നി ടെസ്റ്റിന്റെ മൂന്നും നാലും ദിനങ്ങളിലാണ് മുഹമ്മദ് സിറാജിന് നേരെ കാണികളുടെ ഭാഗത്ത് നിന്നും വംശീയ അധിക്ഷേപം നിറഞ്ഞ പരാമര്‍ശങ്ങള്‍ വന്നത്. നാലാം ദിനം മുഹമ്മദ് സിറാജിന്റെ പരാതിയോടെ ഗ്യാലറിയില്‍ നിന്ന് ആറ് പേരെ ഓസ്‌ട്രേലിയന്‍ പൊലീസ് മാറ്റുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com