കോട്ട കാത്ത് രഹനേഷും കട്ടിമണിയും; ​ഗോൾ അടിക്കാതെ ജംഷഡ്പുരും, ഹൈദരാബാദും; സമനില

കോട്ട കാത്ത് രഹനേഷും കട്ടിമണിയും; ​ഗോൾ അടിക്കാതെ ജംഷഡ്പുരും, ഹൈദരാബാദും; സമനില
ജംഷഡ്പുർ എഫ്സിയുടെ മലയാളി ​ഗോൾ കീപ്പർ ടിപി രഹനേഷിന്റെ പ്രകടനം/ ട്വിറ്റർ
ജംഷഡ്പുർ എഫ്സിയുടെ മലയാളി ​ഗോൾ കീപ്പർ ടിപി രഹനേഷിന്റെ പ്രകടനം/ ട്വിറ്റർ

പനാജി: ഐഎസ്എല്ലിൽ ഞായറാഴ്ച നടന്ന ആദ്യ പോരാട്ടത്തിൽ ജംഷഡ്പുർ എഫ്സി ഹൈദരാബാദ് എഫ്സിയെ ​ഗോൾരഹിത സമനിലയിൽ കുരുക്കി. ജംഷഡ്പുരിന്റെ മലയാളി ​ഗോൾ കീപ്പർ ടിപി രഹനേഷ് വലയ്ക്ക് മുന്നിൽ വീണ്ടും കോട്ടകെട്ടി നിന്നതോടെ ഹൈദരാബാദിന് പഴുതുകളില്ലാതെ നിസഹായരാകേണ്ടി വന്നു. മറുഭാ​ഗത്ത് ​ഹൈദരാബാദ് ​ഗോൾ കീപ്പർ ലക്ഷ്മികാന്ത് കട്ടിമണിയും മിന്നും ഫോമിലായത് ജംഷഡ്പുരിനും തടസമായി. 

ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ പലതും സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവും ഹൈദരാബാദിന്റെ വിജയം നിഷേധിച്ചു. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മികച്ചു നിന്നത് ഹൈദരാബാദായിരുന്നു. പന്തടക്കത്തിലും മുന്നേറ്റത്തിലും അവർ ആധിപത്യം പുലർത്തി. 

മലയാളി ഗോൾ കീപ്പർ ടിപി രഹനേഷിന്റെ ഇടപെടലുകളാണ് ആദ്യ പകുതിയിൽ ജംഷഡ്പുരിനെ രക്ഷിച്ചത്. ഒമ്പതാം മിനിറ്റിൽ ജോയൽ കിയാനെസിന്റെ ഗോളെന്നുറച്ച ഷോട്ട് രഹനേഷ് രക്ഷപ്പെടുത്തി. പിന്നാലെ 21-ാം മിനിറ്റിൽ ഹാളിചരൺ നർസാരിയുടെ ഷോട്ടും രഹനേഷ് രക്ഷപ്പെടുത്തി. നർസാരിയുടെ ഷോട്ട് രഹനേഷിന്റെ കൈയിൽ തട്ടി പോസ്റ്റിലിടിച്ചാണ് മടങ്ങിയത്.

രണ്ടാം പകുതിയിൽ കാര്യമായ അവസരങ്ങളൊന്നും ഇരു ടീമുകൾക്കും സൃഷ്ടിക്കാനായില്ല. മത്സരം അവസാനിക്കാൻ 10 മിനിറ്റ് ബാക്കിനിൽക്കേ ഇരു ടീമുകളും മികച്ച ആക്രമണങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com