144.4 കിമീ വേഗതയിലെ സ്റ്റാര്‍ക്കിന്റെ ഡെലിവറിയില്‍ കവര്‍ ഡ്രൈവ്; ആദ്യം നാണം തോന്നിയതായി ശര്‍ദുല്‍ താക്കൂര്‍

അത്രയും നന്നായി ആ ഷോട്ട് വരുമെന്നും, അതിനെ ലോകം ഇങ്ങനെ പുകഴ്ത്തുമെന്നും ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് ശര്‍ദുല്‍ പറഞ്ഞു
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ശര്‍ദുല്‍ താക്കൂറിന്റെ ബാറ്റിങ്/ഫോട്ടോ: എപി
ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ശര്‍ദുല്‍ താക്കൂറിന്റെ ബാറ്റിങ്/ഫോട്ടോ: എപി

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ 144.4 കിലോമീറ്റര്‍ വേഗതയില്‍ വന്ന പന്തില്‍ കവര്‍ ഡ്രൈവ് കളിച്ച് ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി വാങ്ങുകയായിരുന്നു ഗബ്ബയിലെ ഒന്നാം ഇന്നിങ്‌സില്‍ ശര്‍ദുല്‍ താക്കൂര്‍. അത്രയും നന്നായി ആ ഷോട്ട് വരുമെന്നും, അതിനെ ലോകം ഇങ്ങനെ പുകഴ്ത്തുമെന്നും ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് ശര്‍ദുല്‍ പറഞ്ഞു. 

എല്ലാവരും എന്റെ ഷോട്ടിനെ അഭിനന്ദിക്കുകയാണ്. എല്ലാവരും എന്ന് പറഞ്ഞാല്‍ ഈ ലോകത്തിലെ എല്ലാവരും. പ്രത്യേകിച്ച് ആ കവര്‍ ഡ്രൈവിനെ.എല്ലാവരും ഷോട്ടിനെ അഭിനന്ദിക്കുന്ന സമയം തനിക്ക് ആദ്യം നാണം തോന്നിയതായി ശര്‍ദുല്‍ പറയുന്നു. ആറ് വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കുമ്പോഴാണ് ഞാന്‍ ക്രീസിലേക്ക് വരുന്നത്. അപ്പോഴേക്കും വാഷിങ്ടണ്‍ ഏതാനും ഡെലിവറി നേരിട്ടിരുന്നു.

''ക്രീസില്‍ എത്തിയ ഞാന്‍ വാഷിങ്ടണിനോട് പിച്ചിന്റെ സ്വഭാവം എങ്ങനെ എന്ന് ചോദിച്ചു. കളിക്കാന്‍ പ്രയാസമായിട്ടാണോ നമ്മുടെ വിക്കറ്റുകള്‍ വീണത് അതല്ലെങ്കില്‍ നമ്മുടെ സമ്മര്‍ദം കൊണ്ടാണോ എന്നാണ് ചോദിച്ചത്. കുറച്ച് നേരം നിന്ന് കഴിയുമ്പോള്‍ സമ്മര്‍ദം കുറയുന്നതായി വാഷിങ്ടണ്‍ പറഞ്ഞു.'' 

അവരുടെ ബൗളര്‍മാര്‍ തുടരെ 4 കളി കളിച്ചത് നമ്മള്‍ കണ്ടു. ഇംഗ്ലണ്ട് പരമ്പരയിലും ഐപിഎല്ലിലും അവര്‍ കളിച്ചിരുന്നു. 2-3 മാസമായി കളിച്ചുകൊണ്ടിരിക്കുകയാണ് അവര്‍. തുടരെ നാല് ടെസ്റ്റ് കളിക്കുക ഒരിക്കലും എളുപ്പമല്ല. പരമ്പര ജയം നിര്‍ണയിക്കുന്ന നാലാം ടെസ്റ്റ് കൂടിയാവുമ്പോള്‍ അതിന്റെ സമ്മര്‍ദവും. അതിനാല്‍ എത്രമാത്രം സമയം ക്രീസില്‍ നില്‍ക്കാന്‍ കഴിയുമോ അത്രയും നില്‍ക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. സമയം കൊല്ലാനായിരുന്നു പ്ലാന്‍, ശര്‍ദുല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com