'എല്ലായ്‌പ്പോഴും കോഹ്‌ലിയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍'; നായകത്വത്തിലെ മാറ്റത്തില്‍ രഹാനെ

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനത്തെ കുറിച്ചുള്ള ചോദ്യത്തിന് രഹാനെയുടെ മറുപടി ഇങ്ങനെ
അജങ്ക്യാ രഹാനെ, വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ
അജങ്ക്യാ രഹാനെ, വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍. എല്ലായ്‌പ്പോഴും അങ്ങനെയായിരിക്കും. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനത്തെ കുറിച്ചുള്ള ചോദ്യത്തിന് രഹാനെയുടെ മറുപടി ഇങ്ങനെ. 

ഇവിടെ ഒരു മാറ്റവും ഉണ്ടാവാന്‍ പോകുന്നില്ല. വിരാട് ആണ് ക്യാപ്റ്റന്‍. എല്ലായ്‌പ്പോഴും അങ്ങനെയാണ്. ഞാന്‍ ഡെപ്യൂട്ടിയാണ്. കോഹ് ലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കേണ്ടതും, ടീം ഇന്ത്യക്ക് ജയം നേടിക്കൊടുക്കേണ്ടതും എന്റെ ഉത്തരവാദിത്വമാണ്, രഹാനെ പറഞ്ഞു. 

ക്യാപ്റ്റനായിരിക്കുക എന്നതല്ല കാര്യം. ക്യാപ്റ്റന്റെ റോളില്‍ എങ്ങനെ പ്രകടനം നടത്തുന്നു എന്നത് പ്രധാനപ്പെട്ടതാണ്. ഇതുവരെ ഞാന്‍ അതില്‍ ജയം കണ്ടു. ഭാവിയിലും അങ്ങനെയാവും എന്ന് കരുതുന്നു. എന്റെ ടീമിന് വേണ്ടി ഇതുപോലുള്ള ഫലങ്ങള്‍ കണ്ടെത്താനാണ് ശ്രമിക്കുക. 

എനിക്കും കോഹ് ലിക്കും ഇടയില്‍ എപ്പോഴും നല്ല അടുപ്പമാണ്. ഇന്ത്യയിലും പുറത്തും മറക്കാനാവാത്ത ഇന്നിങ്‌സുകള്‍ ഞങ്ങള്‍ രണ്ട് പേരും കളിച്ചിട്ടുണ്ട്. നാലാമത് വരുന്ന കോഹ് ലിയും അഞ്ചാമത് വരുന്ന ഞാനും ചേര്‍ന്ന് ഒരുപാട് നല്ല കൂട്ടുകെട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്, രഹാനെ പറഞ്ഞു. 

ഞങ്ങള്‍ പരസ്പരം എപ്പോഴും പിന്തുണയ്ക്കുന്നവരാണ്. ക്രീസില്‍ നില്‍ക്കുമ്പോള്‍ എതിരാളികളുടെ ബൗളിങ് ആക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യും. ഒരാള്‍ റാഷ് ഷോട്ട് കളിച്ചാല്‍ മുന്നറിയിപ്പ് നല്‍കും. ഓണ്‍ ഫീല്‍ഡ് തീരുമാനങ്ങളില്‍ കോഹ് ലി മികവ് കാണിക്കുന്നു. വിരാട് എന്നില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. കോഹ് ലിയെ നിരാശപ്പെടുത്തുന്നില്ലെന്ന് ഞാന്‍ ഉറപ്പ് വരുത്താന്‍ ശ്രമിക്കുന്നു, രഹാനെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com