കോഹ് ലിയുടെ തോളില്‍ തലവെച്ച് വില്യംസണ്‍; കാരണം വെളിപ്പെടുത്തി കിവീസ് നായകന്‍

'വിരാടുമായുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതൊരു നല്ല നിമിഷമായിരുന്നു'
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെ കോഹ് ലിയെ ആലിംഗനം ചെയ്യുന്ന വില്യംസണ്‍/ഫോട്ടോ: ട്വിറ്റര്‍
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെ കോഹ് ലിയെ ആലിംഗനം ചെയ്യുന്ന വില്യംസണ്‍/ഫോട്ടോ: ട്വിറ്റര്‍

ക്രൈസ്റ്റ്ചര്‍ച്ച്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വിജയ റണ്‍ നേടിയതിന് പിന്നാലെ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ കോഹ് ലിയുടെ തോളില്‍ തലവെച്ച് നല്‍കിയ ആലിംഗനം ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. ആ നിമിഷത്തെ കുറിച്ച് പറയുകയാണ് വില്യംസണ്‍ ഇപ്പോള്‍. 

അതൊരു വിലപ്പെട്ട നിമിഷമായിരുന്നു. ഇന്ത്യക്കെതിരെ എപ്പോള്‍, എവിടെ വെച്ച് കളിക്കുമ്പോഴും വലിയ വെല്ലുവിളിയാണ് മുന്‍പില്‍ വരുന്നത് എന്ന് നമുക്കറിയാം. എല്ലാ ഫോര്‍മാറ്റിലും അവരുടേതാണ് മുദ്ര പതിപ്പിക്കാന്‍ അവര്‍ക്കാവുന്നു. അവര്‍ക്കുള്ളിലേയും രാജ്യത്തേയും ക്രിക്കറ്റിനോടുള്ള തീവ്രത അവര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്, വില്യംസണ്‍ പറഞ്ഞു. 

വിരാടുമായുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതൊരു നല്ല നിമിഷമായിരുന്നു. ഞങ്ങള്‍ക്കിടയിലെ സൗഹൃദവും ബന്ധവും ക്രിക്കറ്റിനേക്കാള്‍ ആഴമുള്ളതാണ്. ഞങ്ങള്‍ രണ്ട് പേര്‍ക്കും അതറിയാം, വില്യംസണ്‍ പറഞ്ഞു. 

ഫൈനലില്‍ ഉടനീളം കത്തിമുനയില്‍ നില്‍ക്കുന്നത് പോലെയാണ് തോന്നിയത്. അതുപോലെ ഏറെ നീണ്ടുനിന്ന ഒരു മത്സരത്തിന് ശേഷം ഇരു ടീമും അഭിനന്ദനം അര്‍ഹിക്കുന്നു. ആരെങ്കിലും ഒരാള്‍ക്ക് ട്രോഫി ലഭിക്കും. മറ്റൊരാള്‍ക്ക് ആ ഭാഗ്യം ലഭിച്ചേക്കില്ല എന്നും കിവീസ് നായകന്‍ പറഞ്ഞു. 

എട്ട് വിക്കറ്റിനാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചത്. 21 വര്‍ഷത്തിന് ശേഷം കിവീസ് ആദ്യമായി ഐസിസി കിരീടത്തില്‍ മുത്തമിട്ട നിമിഷവുമായിരുന്നു അത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com