മാഡ്രിഡിൽ നിന്ന് പാരിസിലേക്ക്; സെർജിയോ റാമോസ് ഇനി പിഎസ്ജിയിൽ

മാഡ്രിഡിൽ നിന്ന് പാരിസിലേക്ക്; സെർജിയോ റാമോസ് ഇനി പിഎസ്ജിയിൽ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: പ്രതിരോധ നിരയിലെ കരുത്തനും സ്പാനിഷ് താരവുമായ സെർജിയോ റാമോസ് ഫ്രഞ്ച് ലീ​ഗ് വൺ ടീം പാരിസ് സെന്റ് ജെർമെയ്നായി കളിക്കാനിറങ്ങും. രണ്ട് വർഷത്തെ കരാറിൽ റാമോസ് പിഎസ്ജിയിൽ ചേർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

പിഎസ്ജിയും റാമോസും തമ്മിലുള്ള കരാർ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. താരം നാളെ പാരിസിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും. രണ്ടേ വർഷത്തെ കരാർ ആകും റാമോസ് പി എസ് ജിയിൽ ഒപ്പുവെയ്ക്കുന്നത്. റയൽ മാഡ്രിഡിൽ താരം വാങ്ങിയതിനേക്കാൾ വലിയ വേതനം ആണ് പിഎസ്ജി വാഗ്ദാനം ചെയ്തിരിക്കുന്നത്.

റാമോസിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് രണ്ട് ഓഫറുകൾ ഉണ്ടായിരുന്നു എങ്കിലും രണ്ടും താരം നിരസിച്ചു. ഈ വർഷം കരാർ അവസാനിച്ചതോടെ ആയിരുന്നു റാമോസ് റയൽ മാഡ്രിഡ് വിട്ടത്. താരം റയലിൽ തന്നെ കരാർ പുതുക്കും എന്ന് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കുന്നതായിരുന്നു മുൻ നായകന്റെ നിലപാട്. 

കരാർ നീട്ടുന്നത് സംബന്ധിച്ച് റയലും താരവും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അതൊന്നും ഫലം കാണാതെ വന്നതോടെയാണ് 16 വർഷത്തിന് മുകളിൽ കളിച്ച റയലിനോട് റാമോസ് വിട പറഞ്ഞത്. പിഎസ്ജിയിൽ ഇപ്പോൾ സെന്റർ ബാക്കുകളായി ഉള്ള മാർക്കിനസും കിംബെബെയ്ക്കും ഒപ്പം റാമോസും കൂടി എത്തുന്നത് ക്ലബിന്റെ ഡിഫൻസ് ശക്തമാക്കും.

നിർണായക ഘട്ടങ്ങളിൽ റയലിന്റെ രക്ഷകൻ ആകാറുള്ള സ്പാനിഷ് താരത്തിന്റെ പരിചയ സമ്പത്ത് പിഎസ് ജിക്ക് തുണയാകും. ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ലക്ഷ്യത്തിലേക്ക് എത്താനും റാമോസിന്റെ സാന്നിദ്ധ്യം പിഎസ്ജി സഹായകമാകും. 

റയലിനൊപ്പം നാല് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ള താരമാണ് റാമോസ്. നാല് ക്ലബ് ലോകകപ്പുകളും മൂന്ന് യുവേഫ സൂപ്പർ കപ്പും താരം സ്വന്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com