ഇത് രണ്ടാം നിര ഇന്ത്യന്‍ ടീം, ഇവര്‍ക്കെതിരെ കളിക്കുന്നത് അപമാനം; വിമര്‍ശനവുമായി അര്‍ജുന രണതുംഗ

ഇന്ത്യയുടെ രണ്ടാം നിര ടീമുമായി വൈറ്റ്‌ബോള്‍ പരമ്പരയ്ക്ക് സമ്മതിച്ച ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിലപാടിനെ വിമര്‍ശിച്ച് മുന്‍ നായകന്‍ അര്‍ജുന രണതുംഗ
ശിഖർ ധവാൻ/ഫയൽ ചിത്രം
ശിഖർ ധവാൻ/ഫയൽ ചിത്രം

കൊളംബോ: ഇന്ത്യയുടെ രണ്ടാം നിര ടീമുമായി വൈറ്റ്‌ബോള്‍ പരമ്പരയ്ക്ക് സമ്മതിച്ച ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിലപാടിനെ വിമര്‍ശിച്ച് മുന്‍ നായകന്‍ അര്‍ജുന രണതുംഗ. ഇത് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. 

മൂന്ന് ഏകദിനവും ടി20യുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുന്നത്. നായകന്‍ കോഹ് ലിയും വൈറ്റ്‌ബോള്‍ ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കായി ലണ്ടനിലായതിനാല്‍ ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്. 

ഇത് രണ്ടാം നിര ഇന്ത്യന്‍ ടീമാണ്. അവര്‍ ഇവിടെ വരുന്നത് നമ്മുടെ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത് തീരുമാനിച്ച ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതരാണ് തെറ്റുകാര്‍. ടെലിവിഷന്‍ മാര്‍ക്കറ്റ് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവരുടെ തീരുമാനം എന്നും ശ്രീലങ്കയെ ലോക കിരീടത്തിലേക്ക് നയിച്ച നായകന്‍ പറഞ്ഞു. 

ഇന്ത്യ അവരുടെ മികച്ച ടീമിനെ ഇംഗ്ലണ്ടിലേക്ക് അയച്ചു. ദുര്‍ബലമായ ടീമിനെ ഇവിടേക്കും. നമ്മുടെ ബോര്‍ഡിനെയാണ് അതില്‍ ഞാന്‍ കുറ്റം പറയുക എന്നും അദ്ദേഹം പറഞ്ഞു. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ മോശം ഫോമിലാണ് ശ്രീലങ്കയുടെ പോക്ക്. തുടരെ അഞ്ച് ടി20 പരമ്പരകളാണ് അവര്‍ നഷ്ടപ്പെടുത്തിയത്. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മാസം ടി20 പരമ്പരയില്‍ തോറ്റത് 3-0ന്. 

കളിക്കാര്‍ക്കിടയിലെ അച്ചടക്കമില്ലായ്മയ്ക്കും കാരണം ബോര്‍്ഡിന്റെ വീഴ്ചയാണെന്ന് രണതുംഗ പറഞ്ഞു. ബോര്‍ഡ് അഡ്മിനിസ്‌ട്രേഷനെ മാറ്റി പകരം ഇടക്കാല കമ്മിറ്റിയെ നിയോഗിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ലങ്കയിലെത്തിയ ഇന്ത്യന്‍ സംഘം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജൂലൈ 13നാണ് ആദ്യ ഏകദിനം. രാഹുല്‍ ദ്രാവിഡ് ആണ് ലങ്കന്‍ പര്യടനത്തില്‍ ടീമിനെ പരിശീലകന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com