ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

'ഏഷ്യക്കാര്‍ക്ക് വൃത്തികെട്ട മുഖം, മോശം ഭാഷ'- ഗ്രീസ്മാന്റേയും ഡെംബലെയുടേയും തനിനിറം പുറത്ത്; വിവാദം (വീഡിയോ)

'ഏഷ്യക്കാര്‍ക്ക് വൃത്തികെട്ട മുഖം, മോശം ഭാഷ'- ഗ്രീസ്മാന്റേയും ഡെംബലെയുടേയും തനിനിറം പുറത്ത്; വിവാദം (വീഡിയോ)

പാരിസ്: 'ഇനിയെങ്കിലും മതിയാക്കൂ ഏഷ്യക്കാരോട് നിങ്ങള്‍ക്കുള്ള ഈ വിരോധം'. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി പ്രചരിക്കുകയാണ് ഈ വാചകങ്ങള്‍. ബാഴ്‌സലോണ ക്ലബിലെ ഫ്രഞ്ച് താരങ്ങളായ അന്റോയിന്‍ ഗ്രീസ്മന്‍, ഒസ്മാന്‍ ഡെംബലെ എന്നിവര്‍ക്കെതിരെയാണ് ഈ വാചകങ്ങള്‍ പ്രചരിക്കുന്നത്. ഇരുവരും ഏഷ്യന്‍ വംശജരെ പറ്റി നടത്തിയ വംശീയ അധിക്ഷേപമാണ് ഇപ്പോള്‍ വിവാദമായി മാറിയത്. 

തങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ എത്തിയ ഏഷ്യക്കാരായ തൊഴിലാളികളെ ചൂണ്ടിയാണ് ഡെംബലെയും ഗ്രീസ്മാനും വംശീയ അധിക്ഷേപം നടത്തിയത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് താരങ്ങള്‍ ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. ഇരുവരുടേയും സമീപനത്തെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്തെത്തി. 

ഗ്രീസ്മാനെ മാത്രമാണ് ഏഷ്യന്‍ വംശജരായ ടെക്‌നീഷ്യന്മാര്‍ക്ക് ഒപ്പം വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഏഷ്യന്‍ വംശജരുടെ രൂപത്തെയും അവരുടെ ഭാഷയേയും അധിക്ഷേപിക്കുന്ന ഡെംബലെയുടെ ശബ്ദം കേള്‍ക്കാം. 

'ഈ വൃത്തികെട്ട മുഖങ്ങള്‍ വച്ച് നിങ്ങള്‍ക്ക് PES (പ്രോ എവല്യൂഷന്‍ സോക്കര്‍) കളിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് ഒട്ടും ലജ്ജ തോന്നുന്നില്ലേ? എന്തു തരത്തിലുള്ള മോശം ഭാഷയാണ് ഇത്? നിങ്ങളുടെ രാജ്യം സാങ്കേതികമായി മുന്നേറുന്നുണ്ടോ ഇല്ലയോ?'- ഇതാണ് വീഡിയോയിലെ സംഭാഷണങ്ങള്‍.

അതേ സമയം സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ 2019ല്‍ ബാഴ്‌സലോണ പ്രീ സീസണിനായി ജപ്പാനില്‍ പോയപ്പോള്‍ ഡെംബെലെ തന്നെ റെക്കോര്‍ഡ് ചെയ്തതാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വിവാദത്തെക്കുറിച്ച് ഇരു താരങ്ങളും ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. കളിക്കളത്തിലും സോഷ്യല്‍ മീഡിയയിലും വംശീയാധിക്ഷേപത്തിനെതിരെ പ്രതികരിക്കുന്ന താരങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നേരെ മറിച്ചാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ആരാധകര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com